ഒന്നരയേക്കര്‍ പുരയിടത്തിലെ കാട് നശിപ്പിക്കാന്‍ റൗണ്ടപ്പ് എന്ന കളനാശിനി അടിച്ചതിനാണ് മുരളിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തത്.

കോഴിക്കോട്: കളനാശിനി ഉപയോഗിച്ച് കാട് നശിപ്പിച്ചതിന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം കമലത്തിന്‍റെ മകനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. മുന്‍ ഡിഎഫ്ഒ കൂടിയായ മുരളിയുടെ പേരിലാണ് കോഴിക്കോട് എലത്തൂര്‍ പൊലീസ് കേസെടുത്തത്.

കോഴിക്കോട് കോട്ടൂപ്പാടത്തിനടുത്ത് പറപ്പളളിത്താഴത്തെ ഒന്നരയേക്കര്‍ പുരയിടത്തിലെ കാട് നശിപ്പിക്കാന്‍ റൗണ്ടപ്പ് എന്ന കളനാശിനി അടിച്ചതിനാണ് മുരളിക്കെതിരെ കേസെടുത്തത്. നിരോധിത കളനാശിനി ഉപയോഗിച്ചെന്ന് കാട്ടി കക്കോടി കൃഷി ഓഫീസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 

വയനാട് പൊഴുതനയിലെ തന്‍റെ വാഴത്തോട്ടത്തില്‍ ഉപയോഗിച്ച ശേഷം ബാക്കി വന്ന കളനാശിനിയാണ് ഇവിടെ തളിച്ചതെന്ന് മുരളി പറയുന്നു. കളനാശിനി വിറ്റ കച്ചവടക്കാരെ പ്രതി ചേര്‍ക്കാതെ തനിക്കെതിരെ മാത്രം കേസെടുത്തതിന് പിന്നില്‍ മറ്റ് താല്‍പര്യങ്ങളുണ്ടെന്നാണ് മുരളിയുടെ ആരോപണം. റിട്ടയര്‍ ചെയ്ത ശേഷം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റായും മുരളി പ്രവര്‍ത്തിച്ചിരുന്നു.

റൗണ്ടപ്പ് ഉള്‍പ്പെടെ ഗ്ളൈഫോസേറ്റ് വിഭാഗത്തിലുളള കളനാശിനികളുടെ വില്‍പന നിരോധിച്ച് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സംസ്ഥാന കൃഷിവകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ കീടനാശിനി, കളനാശിനി വിതരണക്കാരായ അഗ്രോ ഇന്‍പുട്സ് ഡീലേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു.