തൃശ്ശൂര്‍: ഗുഡ്‍വിൻ കമ്പനിയുടെ കോടികളുടെ നിക്ഷേപ തട്ടിപ്പിൽ മഹാരാഷ്ട്രയിൽ അന്വേഷണം പുരോഗമിക്കവെ , കമ്പനിയുടെ തൃശ്ശൂരിലെ ഷോറൂം അടച്ചിട്ടു. തൃശ്ശൂര്‍ കുറുപ്പം റോഡിലുളള ശാഖ ശനിയാഴ്ച വരെ തുറന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഇന്ന് രാവിലെ മുതല്‍ കട തുറന്നിട്ടില്ല. നഗരത്തിലുളള ജ്വല്ലറിയുടെ ഫ്ലക്സ് ബോര്‍ഡുകള്‍ മാറ്റാൻ പരസ്യ ഏജൻസിയോട് ഉടമകള്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. ഗുഡ്‍വിന്‍ ജ്വല്ലറിയ്ക്ക് സംസ്ഥാനത്ത് തൃശ്ശൂരില്‍ മാത്രമാണ് ശാഖയുളളത്. അതേസമയം തൃശ്ശൂരില്‍ ഇവര്‍ക്കെതിരെ പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. 

ഗുഡ്‍വിന്‍ നിക്ഷേപ തട്ടിപ്പ് വാര്‍ത്തകള്‍ പുറത്തുവന്നതോടെ അയല്‍വാസികളും ബന്ധുക്കളും ഞെട്ടലിലാണ്. നാടുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സുനില്‍ കുമാറും സുധീര്‍ കുമാറും അങ്ങനെയൊരു തട്ടിപ്പ് നടത്തില്ലെന്നാണ് ഇവരുടെ വിശ്വാസം. ബിസിനസില്‍ ആരെങ്കിലും വഞ്ചിച്ചതാകാമെന്നും ഇവര്‍ കരുതുന്നു. തൃശ്ശൂരിലെ കടയില്‍ വല്ലപ്പോഴും മാത്രമേ ഉടമകള്‍ എത്തിയിരുന്നുള്ളുവെന്ന് സമീപത്തെ കടയുടമകള്‍ പറയുന്നു. തട്ടിപ്പിന്‍റെ വാര്‍ത്ത  പുറത്തുവന്നതോടെ തൃശൂര്‍ വട്ടണാത്രയിലെ വീട്ടില്‍ നിന്ന് ഉടമകളുടെ മാതാപിതാക്കളെ മാറ്റിയിരിക്കുകയാണ്. വട്ടണാത്രയിലെ വീട്ടില്‍ അച്ഛനും അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. തട്ടിപ്പുവാര്‍ത്തകള്‍ വന്നതോടെ ഇവരെ ബന്ധുവീട്ടിലക്ക് മാറ്റി. വട്ടണാത്രയിലെ വീട് ഇപ്പോള്‍ പൂട്ടികിടക്കുകയാണ്. രണ്ടുമാസം മുമ്പാണ് ഇരുവരും നാട്ടിലെത്തിയത്.