രാഹുൽ മാങ്കൂട്ടത്തിനെതിരായ കേസിന്‍റെ അന്വേഷണ സംഘത്തിൽ സൈബർ വിദ​ഗ്ധരെയും ഉള്‍പ്പെടുത്തും

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിനെതിരെയുള്ള കേസിൽ സൈബര്‍ വിദഗ്ധരെയും ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ തീരുമാനം. പരസ്യമായി പ്രതികരിച്ച റിനി ജോര്‍ജ്ജ്, അവന്തിക, ഹണി ഭാസ്കര്‍ എന്നിവരുടെ മൊഴി ആദ്യ ഘട്ടത്തിൽ എടുക്കും. അതേ സമയം രാഹുലിൽ നിന്നും മോശം അനുഭവം നേരിട്ട സ്ത്രീകള്‍ പരാതി നല്‍കാൻ തയ്യാറായില്ലെങ്കിൽ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ അന്വേഷണം പോലെ കേസ് അവസാനിപ്പിക്കേണ്ടി വരാനുള്ള സാധ്യതയും ബാക്കിയാകുന്നുണ്ട്. 

രാഷ്ടീയകേരളത്തെ പിടിച്ചുലച്ച കേസിൽ ക്രൈംബ്രാഞ്ചും മുന്നോട്ട് പോകുന്നത് അതീവ ഗൗരവത്തോടെയാണ്. ക്രൈംബ്രാഞ്ചിന്‍റെ ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കും. ഇന്നലെ രാത്രി തന്നെ ഡിവൈഎസ്പി സി ബിനുകുമാറിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചിരുന്നു. ഡിജിറ്റൽ തെളിവുകള്‍ നിര്‍ണായകമായ കേസിൽ സൈബര്‍ വിദഗ്ധരെ കൂടി പ്രത്യേക സംഘത്തിൽ ഉള്‍പ്പെടുത്താൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രണ്ട് ദിവസത്തിനകം മുഴുവൻ ടീമംഗങ്ങളെയും പ്രഖ്യാപിക്കും. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ള ചില പരാതികള്‍ മാത്രമാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിൻറെ മുന്നിലുള്ളത്. ഇതിന്‍റെ അടിസ്ഥാനത്തിൽ മാത്രം അന്വേഷണവുമായി മുന്നോട്ട് പോകാനാവില്ല. രാഹുലിൽ നിന്നും മോശം അനുഭവം നേരിട്ട സ്ത്രീകള്‍ നിയമ നടപടികളുമായി സഹകരിക്കണം. ഈ സാഹചര്യത്തിൽ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ റിനി ജോര്‍ജ്, അവന്തിക, ഹണി ഭാസ്കര്‍ എന്നിവരുടെ മൊഴി ആദ്യഘട്ടത്തിലെടുക്കും.

ഇവര്‍ പരാതി നല്‍കാൻ തയ്യാറായാൽ അതനുസരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം. നിര്‍ബന്ധിച്ച് ഗര്ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന തരത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റേതായ ശബ്ദരേഖ പുറത്ത് വന്നിരുന്നു. എന്നാൽ അത്തരത്തിലുള്ള പരാതി ഇരകളാരും ഇതുവരെ പൊതുസമൂഹത്തിന് മുന്നിലോ ഏജൻസികൾക്ക് മുന്നിലോ പറഞ്ഞിട്ടില്ല. കേസെടുത്ത പശ്ചാത്തലത്തിൽ ഇരകളാരെങ്കിലും പരാതി പറയാൻ എത്തുമോ എന്നാണ് ആകാംക്ഷ. ആരും വന്നില്ലെങ്കിൽ പൊലീസിന് കേസ് എഴുതിത്തള്ളേണ്ടി വരും. ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിൽ 38 കേസുകള്‍ പ്രത്യേക സംഘം രജിസ്റ്റര്‍ ചെയ്തതാണ്. എന്നാൽ മൊഴി നല്‍കിയ നടികളാരും കേസിന് താത്പര്യമില്ലെന്നറിയിച്ചതോടെ പൊലീസിന് അന്വേഷണം അവസാനിപ്പിക്കേണ്ടി വന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്, അന്വേഷണത്തിന് സൈബർ വിദഗ്ധർ ഉൾപ്പെടുന്ന സംഘവും