തൃശൂർ കാഞ്ഞാണി സിൽവർ റസിഡൻസി ഉടമ ജോർജ്ജിനെതിരെയാണ് അന്തിക്കാട് പൊലീസ് കേസെടുത്തത്. മണലൂർ പഞ്ചായത്തിലാണ് ഇയാൾ വ്യാജ രേഖകൾ സമർപ്പിച്ചത്.

തൃശൂർ: ബാർ നടത്താനുള്ള അനുമതിക്കായി വ്യാജ രേഖ ചമച്ച് പഞ്ചായത്തിനെ കബളിപ്പിച്ചതിന് റിസോർട്ട് ഉടമയ്ക്കെതിരെ കേസ്. തൃശൂർ കാഞ്ഞാണി സിൽവർ റസിഡൻസി ഉടമ ജോർജ്ജിനെതിരെയാണ് അന്തിക്കാട് പൊലീസ് കേസെടുത്തത്. മണലൂർ പഞ്ചായത്തിലാണ് ഇയാൾ വ്യാജ രേഖകൾ സമർപ്പിച്ചത്.

സിൽവർ റസിഡൻസി റിസോർട്ടിലെ പുതിയ കെട്ടിടം ബാർ ആക്കുന്നതിന് അനുവാദം തേടിയുള്ള അപേക്ഷയിലാണ് തിരിമറി. ഈ കെട്ടിടത്തിന് പഞ്ചായത്ത് നമ്പർ നൽകിയിട്ടുണ്ട്. അപേക്ഷക്കൊപ്പം ഹാജരാക്കിയ പ്ലാനിൽ സർവ്വേ നമ്പറുകൾ രേഖപ്പെടുത്തിയിരുന്നെങ്കിലും ആധാരമോ മറ്റ് കൈവശ രേഖകളോ ഹാജരാക്കിയിരുന്നില്ല. ഇവ ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ ഭൂനികുതി രസീത് ഹാജരാക്കി. ഭൂ നികുതി രസീതുകളും, കൈവശാവകാശ സർട്ടിഫിക്കറ്റുകളും പരിശോധിച്ചതിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പഞ്ചായത്ത് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. 

കൈവശാവകാശ സർട്ടിഫിക്കറ്റിൽ ഭൂമിയുടെ തരം നിലം എന്നത് തിരുത്തി പുരയിടം എന്നാക്കി മാറ്റിയിട്ടുണ്ട്. ഇവരുടെ കെട്ടിടത്തിന്റെ മുൻ രേഖകൾ പരിശോധിച്ചതിൽ കെട്ടിട നിർമ്മാണ പെർമിറ്റിന് അപേക്ഷിച്ചപ്പോഴും, കെട്ടിട നമ്പർ ലഭിക്കുന്നതിന് അപേക്ഷിച്ചപ്പോഴും ഹാജരാക്കിയ രേഖകളിലും ഭൂമിയുടെ തരം നിലം എന്നതിന് പകരം പുരയിടം എന്ന് രേഖപ്പെടുത്തിയതായി കണ്ടെത്തി. പഞ്ചായത്തിനെ കബളിപ്പിച്ച് വ്യാജ രേഖ സമർപ്പിച്ചതിനെതിരെ അധികൃതർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. വഞ്ചനയ്ക്ക് കേസെടുത്തതായും രേഖകൾ പരിശോധിക്കുന്നതായും അന്തിക്കാട് പൊലീസ് അറിയിച്ചു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.