തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തില്‍ എസ്എഫ്ഐ കെഎസ്‍യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. പൊലിസിനെ അക്രമിച്ചതിലും റോഡ് ഉപരോധിച്ചതിലുമാണ് കേസുകൾ ചുമത്തിയിരിക്കുന്നത്. അതേസമയം കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അഭിജിത്തിന്‍റെ പരാതിയിൽ 30 എസ്എഫ്‍ഐക്കാർക്കതിരെ കേസ് എടുത്തു. ഇരുസംഘടനകളുടെയും പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ യൂണിവേഴ്‍സിറ്റി കോളേജ് കലാപഭൂമിയായി മാറുകയായിരുന്നു. 

പരസ്പരമുള്ള കല്ലേറിൽ കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്തിന്‍റെയും മറ്റൊരു കെഎസ്‍യു പ്രവ‍ർത്തകന്‍റെയും തലയ്ക്ക് പരിക്കേറ്റിരുന്നു. തന്‍റെ കാലിൽ വലിയ തടിക്കഷ്ണം കൊണ്ട് എസ്എഫ്ഐ പ്രവർത്തകർ തല്ലിയെന്ന് അഭിജിത്ത് ആരോപിച്ചു. പ്രവർത്തകർക്കും പരിക്കേറ്റെന്ന് എസ്എഫ്ഐയും ആരോപിച്ചു. എംജി റോഡിൽ ഇരുവിഭാഗത്ത് നിന്നും പരിക്കേറ്റ പ്രവർത്തകരെ നിരത്തിയിരുത്തി ഇരുവിഭാഗവും ഗതാഗതം തടസ്സപ്പെടുത്തി കുത്തിയിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പൊലീസ് ഉദ്യോഗസ്ഥരോട് ക്ഷുഭിതനായി. പ്രതിഷേധവുമായി ചെന്നിത്തലയും റോഡിൽ കുത്തിയിരുന്നു.