കോൺഗ്രസ് പ്രവർത്തക താര ടോജോ അലക്സിന്റെ പരാതിയിലാണ് കോടതി നിർദ്ദേശപ്രകാരം കൊച്ചി പാലാരിവട്ടം പൊലീസ് കേസെടുത്തത്.
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചതിന് യുട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. കോൺഗ്രസ് പ്രവർത്തക താര ടോജോ അലക്സിന്റെ പരാതിയിലാണ് കോടതി നിർദ്ദേശപ്രകാരം കൊച്ചി പാലാരിവട്ടം പൊലീസ് കേസെടുത്തത്. ഷാജൻ സ്കറിയ,ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ,ഗൂഗിൽ കമ്പനി ഭാരവാഹികളടക്കം പതിനൊന്ന് പേർക്കെതിരെ ആണ് കേസ്. രാഹുൽ മാങ്കൂട്ടം വിവാദവുമായി ബന്ധപ്പെട്ട് താര ടോജോ നടത്തിയ പ്രതികരണങ്ങൾക്കെതിരെ ആയിരുന്നു സാജൻ സ്കറിയയുടെ മറുനാടൻ മലയാളി യുട്യൂബ് ചാനലിൽ വീഡിയോ പബ്ലിഷ് ചെയ്തത്.
രാഹുൽ മാങ്കൂട്ടത്തിലിനെ താര വിമർശിച്ചതും കോൺഗ്രസ് പാർട്ടി രാഹുലിനെതിരെ നടപടിയെടുക്കണമെന്ന താരയുടെ ആവശ്യത്തിലുമാണ് വിമർശസ്വഭാവത്തിൽ വീഡിയോ പോസ്റ്റ് ചെയ്തത്. സാജന്റെ വീഡിയോക്ക് താഴെ താരക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നിരവധി കമ്ന്റുകളായും എത്തി. ഈ വീഡിയോക്കെതിരെയാണ് കോൺഗ്രസ് പ്രവർത്തക താര ടോജോ പരാതി നൽകിയത്. തന്റെ ഫോട്ടോ ഉൾപ്പടെ ഉപയോഗിച്ച് ഷാജൻ സ്കറിയ വീഡിയോ നൽകിയതിലും അത് അധിക്ഷേപ പരാമർശങ്ങൾക്ക് വഴിവെച്ചതിലുമാണ് താര ടോജോ പരാതി നൽകിയത്.
ഐടി ആക്ടറ് ഉൾപ്പടെ പതിനഞ്ച് വകുപ്പുകളിലാണ് പൊലീസ് കേസ്. അപകീർത്തി പരാമർശങ്ങൾ മാനദണ്ഡമില്ലാതെ, ബ്രോഡ്കാസ്റ്റ് ലൈസൻസ് ഇല്ലാതെ പബ്ലിഷ് ചെയ്യാൻ വഴിയൊരുക്കി എന്നതിലാണ് ഗൂഗിൾ സിഇഒ അടക്കമുള്ളവരെ പ്രതി ചേർത്തത്. മാനനഷ്ട സ്വഭാവത്തിലെന്ന വിലയിരുത്തലിൽ ആദ്യം താരയുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നില്ല. തുടർന്നാണ് താര എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 9നമ്പർ കോടതിയെ സമീപിച്ച് കേസെടുക്കണമെന്ന ഉത്തരവ് നേടിയത്. നേരത്തെ തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസും താരയുടെ മറ്റൊരു പരാതിയിൽ സാജൻ സ്കറിയക്കെതിരെ കേസെടുത്തിരുന്നു.



