തിരുവനന്തപുരം: ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ സംവിധായകനും നിർമ്മാതാവുമായ ശാന്തിവിള ദിനേശിനെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് മ്യൂസിയം പൊലീസ് ശാന്തിവിള ദിനേശിനെതിരെ കേസെടുത്തത്. യൂട്യൂബ് വീഡിയോയിലൂടെ ശാന്തിവിള ദിനേശ് ഭാഗ്യലക്ഷ്മിക്കെതിരെ നടത്തിയ പരാമർശങ്ങളാണ് പരാതിക്ക് ആധാരം. 

സ്ത്രീകൾക്കെതിരെ തുടർച്ചയായി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ വിജയ് പി നായരെ ഇന്നലെ ഭാഗ്യലക്ഷമി, ശ്രീലക്ഷമി അറയ്ക്കൽ, ദിയ സന തുടങ്ങിയവർ ചേർന്ന് നേരിൽ കണ്ട് പ്രതിഷേധിക്കുകയും ദേഹത്ത് കരിഓയിൽ ഒഴിക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച ഭാഗ്യലക്ഷമി സ്ത്രീകൾക്ക് നേരെ സൈബർ ഇടങ്ങളിൽ നടക്കുന്ന ആക്രമണത്തിൽ പൊലീസ് ഇടപെടുന്നില്ലെന്ന് ആരോപിച്ചിരുന്നു. 

ഞാനിപ്പോൾ ഫേസ്ബുക്കിൽ പോലുമില്ല. മക്കളുടെ കൂടെയുള്ള ഒരു ഫോട്ടോ ഫേസ്ബുക്കിൽ ഇട്ടതിന് വലിയ സൈബർ ആക്രമണമാണ് ഞാൻ നേരിടേണ്ടി വന്നത്. അതിനിടയിലാണ് ശാന്തിവിള ദിനേശ് എന്ന ഒരുത്തൻ്റെ വീഡിയോകൾ വരുന്നത്. മൺമറഞ്ഞു ന പോയ മഹാൻമാരെക്കുറിച്ചു വരെ തീ‍ർത്തും മോശം പരാമ‍ർശം അയാളിൽ നിന്നുണ്ടായി. പലവട്ടം പരാതി കൊടുത്തിട്ടും ഒരു അനക്കവുമുണ്ടായില്ല.അപ്പോഴാണ് വിജയ് പി നായ‍ർ എന്ന ഒരുത്തൻ വരുന്നത്.  അയാളെക്കുറിച്ച് പരാതിയുമായി ഒരുപാട് സ്ത്രീകൾ വന്നു. സഹികെട്ടപ്പോൾ ആണ് അയാളെ നേരിൽ കാണാം എന്നു തീരുമാനിച്ചത് - ഭാ​ഗ്യലക്ഷമി പറഞ്ഞു.

വിജയ് പി നായരുടെ വീഡിയോകളും അയാൾക്കെതിരായ കൈയേറ്റവും സമൂഹമാധ്യമങ്ങളിലടക്കം വലിയ ച‍ർച്ചയായതിന് പിന്നാലെയാണ് നേരത്തെ ശാന്തിവിള ദിനേശിനെതിരെ ഭാ​ഗ്യലക്ഷമി നൽകിയ പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചത്. സൈബ‍ർ സെല്ലിൽ നിന്നുള്ള റിപ്പോ‍ർട്ടിൻ്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്.