Asianet News MalayalamAsianet News Malayalam

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ കേസ്: പരാതിക്കാരന്‍റെ വീട്ടിൽ പൊലീസ്

തുഷാർ വെള്ളാപ്പള്ളിക്കെതിരെ പരാതി കൊടുത്ത നാസിൽ അബ്ദുള്ളയുടെ കൊടുങ്ങല്ലൂരിലെ വീട്ടിലാണ് പൊലീസ് പരിശോധനക്ക് എത്തിയത്. 

case against thushar vellappalli Police at complainant's house
Author
Thrissur, First Published Aug 22, 2019, 3:40 PM IST

തൃശൂര്‍: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ വണ്ടിച്ചെക്ക് കേസ് കൊടുത്ത നാസിൽ അബ്ദുള്ളയുടെ വീട്ടിൽ പൊലീസ് പരിശോധന. കൊടുങ്ങല്ലൂരിലെ വീട്ടിലാണ് പൊലീസ് പരിശോധനക്ക് എത്തിയത്. മതിലകം പൊലീസ് രാവിലെയാണ് നാസിൽ അബ്ദുള്ളയുടെ വീട്ടിലെത്തി വിവരങ്ങൾ അന്വേഷിച്ചത്. അരമണിക്കൂറോളം പൊലീസ് ഈ വീട്ടിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. 

നാസിൽ അബ്ദുള്ള എന്താണ് ചെയ്യുന്നത്, എന്ന് നാട്ടിലെത്തും തുടങ്ങിയ വിവരങ്ങൾ പൊലീസ് അന്വേഷിച്ചെന്നാണ് പറയുന്നത്. ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്ന് പറഞ്ഞാണ് പൊലീസ് വീട്ടിലെത്തിയത്. വീടിനകത്ത് പരിശോധന നടത്തിയതായി വിവരമില്ല. മാതാപിതാക്കളോട് വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്ന് മതിലകം പൊലീസ് പറഞ്ഞു. കണസ്ട്ക്ഷൻ കമ്പനി നടത്തുന്ന നാസിൽ രണ്ട് വര്‍ഷം മുമ്പാണ് അവസാനമായി നാട്ടിലെത്തിയതെന്നും പൊലീസ് പറയുന്നു. 

പത്തുവര്‍ഷത്തിന് മുമ്പുള്ള സംഭവത്തിൽ ഇപ്പോഴൊരു കേസ് വരുമ്പോൾ അതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും ആരോപിച്ചിരുന്നു. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് നാസിൽ അബ്ദുള്ളയുടെ വീട്ടിൽ പൊലീസ് പരിശോധന. 

തുടര്‍ന്നു വായിക്കാം:  തുഷാറിനെ വിളിച്ചു വരുത്തി, കുടുക്കി, നിയമപരമായി നേരിടുമെന്ന് വെള്ളാപ്പള്ളി

കഴിഞ്ഞ ദിവസം രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് ബി‍ഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായത്. പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിർമ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിലാണ് അജ്‍മാൻ പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്.

പത്ത് മില്യണ്‍ യുഎഇ ദിര്‍ഹത്തിന്‍റെ (പത്തൊമ്പതര കോടി രൂപ)യുടേതാണ് ചെക്ക്. ബിസിനസ് പൊളിഞ്ഞ് നാട്ടിലേക്ക് കടന്ന
തുഷാര്‍ വെള്ളാപ്പള്ളി പിന്നീട് രാഷ്ട്രീയരംഗത്ത് സജീവമായി. ഇതിനിടെ പലതവണ നാസില്‍ അബ്ദുള്ളയ്ക്ക് കാശ് കൊടുത്തു തീര്‍ക്കാമെന്നേറ്റെങ്കിലും സ്വാധീനം ഉപയോഗിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു.

ഒടുവില്‍ സ്വദേശിയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിനു തയ്യാറാണെന്ന് അറിയിച്ച് തുഷാറിനെ നാസില്‍ ഗള്‍ഫിലേക്ക് ക്ഷണിച്ചു. ഇതുപ്രകാരം ചൊവ്വാഴ്ച രാത്രി അജ്മാനിലെത്തിയ തുഷാറിനെ താമസസ്ഥലത്ത് വച്ച് നാസിലിന്‍റെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ ഇനി ടെലഗ്രാമിലും ലഭിക്കുന്നതിനായി നിങ്ങൾ ചെയ്യേണ്ടത് 
 1 ) ഫോണിൽ ടെലഗ്രാം ആപ് ഇല്ലാത്തവർ ഈ ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യുക 
 2  ) ശേഷം  ഏഷ്യാനെറ്റ് ന്യൂസ് ചാനൽ സബ്ബ്‌സ്‌ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക  

Follow Us:
Download App:
  • android
  • ios