ആലപ്പുഴ: എസ്എൻഡിപി കണിച്ചു കുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശൻ എസ്എൻഡിപി ശാഖ ഓഫീസിൽ തൂങ്ങി മരിച്ച സംഭവത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, അദ്ദേഹ്തതിൻ്റെ സഹായി കെകെ അശോകൻ, ബിഡിജെഎസ് അധ്യക്ഷനും എസ്എൻഡിപി ബോർഡ് അംഗവുമായ തുഷാർ വെള്ളാപ്പള്ളി എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി നിർദേശിച്ചു. 

കെ.കെ.മഹേശൻ്റെ ഭാര്യ ഉഷാദേവി നൽകിയ ഹർജിയിലാണ്  ആത്മഹത്യാപ്രേരണ, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി വെള്ളാപ്പള്ളിക്കും മകനുമെതിരെ കേസെടുക്കാൻ കോടതി ആവശ്യപ്പെട്ടത്. മാരാരിക്കുളം പൊലീസിനോടാണ് പുതിയ വകുപ്പുകൾ ചേർത്തി എഫ്ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശിച്ചത്. ആലപ്പുഴ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഉഷാദേവിയുടെ ഹർജി പരിഗണിച്ചത്. വെള്ളാപ്പള്ളി, അശോകൻ, തുഷാർ എന്നിവരെ ഒന്നും രണ്ടും മൂന്നും പ്രതികളായി കേസെടുക്കാനാണ് കോടതിയുടെ നിർദേശം. 

അസ്വാഭാവിക മരണത്തിനാണ് നിലവിൽ കേസെടുത്ത് അന്വേഷണം നടത്തുന്നത്. മഹേശൻ്റെ ആത്മഹത്യ വലിയ വിവാദമായതിന് പിന്നാലെ ഐജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ സർക്കാർ നിയമിച്ചിരുന്നു. എന്നാൽ മഹേശൻ്റെ മരണം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം എവിടെയും എത്താതെ വന്നതോടെയാണ് മഹേശൻ്റെ ഭാര്യ കോടതിയിൽ എത്തിയത്.