തിരുവനന്തപുരം: യൂട്യൂബ് ചാനൽ വഴി സ്ത്രീകളെ അപമാനിച്ച വിജയ് പി നായര്‍ക്കെതിരെ കേസ്. ഭാഗ്യലക്ഷ്മി, ദിയാ സന എന്നിവരുടെ പരാതിയില്‍ തമ്പാനൂര്‍ പൊലീസാണ്  കേസെടുത്തത്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനാണ് കേസെടുത്തിരിക്കുന്നത്.

യൂട്യൂബ് വീഡിയോയില്‍ സ്ത്രീകളെ അപമാനിച്ച ഇയാളെ ഭാഗ്യലക്ഷ്മിയും ദിയാ സനയും കയ്യേറ്റം ചെയ്യുകയും മഷി ഒഴിക്കുകയും ചെയ്തിരുന്നു. താമസിക്കുന്ന ലോഡ്ജ് മുറിയിലെത്തിയായിരുന്നു ആക്രമണം. പൊലീസിൽ പരാതിപ്പെട്ടിട്ടും നീതി കിട്ടാത്തതുകൊണ്ടാണ് ആക്രണമെന്നായിരുന്ന ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

സ്റ്റാച്യുവിൽ ഗാന്ധാരിയമ്മൻ കോവിലിൽ വിജയ് പി. നായർ താമസിക്കുന്ന ലോഡ്ജ് മുറിയിലെത്തിയ ഭാഗ്യലക്ഷ്മി, ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ ആദ്യം മഷി ഒഴിക്കുകയും, കയ്യേറ്റം ചെയ്യുകയുമായിരുന്നു. പരാമാർശങ്ങളിൽ മാപ്പ് പറയാൻ ആവശ്യപ്പെടുകയും ചെയ്തു. സ്ത്രീകളെ അപമാനിച്ചതിൽ മാപ്പ് പറയുന്നതായും,  മറ്റ് പലരും പറഞ്ഞു കേട്ടതനുസരിച്ചാണ് വീഡിയോ തയ്യാറാക്കിയതെന്നും തന്നെ ആക്രമിച്ചവർക്കെതിരെ പരാതിയില്ലെന്നും വിജയ് പറയുന്നു.

ആക്രമത്തിന് ശേഷം കമ്മീഷണർ ഓഫീസിൽ പരാതിയുമായി എത്തിയ ഭാഗ്യലക്ഷ്മിയും ദിയാ സനയുമടക്കമുള്ളവരോട് മ്യൂസിയം സ്റ്റേഷൻ പോകാൻ പൊലീസ് ആവശ്യപ്പെട്ടു. ആക്രമണത്തിന് ശേഷം ലാപ്ടോപ്പും മൊബൈലുമായി സ്ത്രീകള്‍ മ്യൂസിയം സ്റ്റേഷനിനിലെത്തിയെങ്കിലും സാധനങ്ങള്‍ പൊലീസ് വാങ്ങിയില്ല.

ഭാഗ്യലക്ഷ്മിയോ മാറ്റാരെങ്കിലുമോ നൽകിയ പരാതി ലഭിച്ചിട്ടില്ലെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. പിന്നീട് തമ്പാനൂർ സ്റ്റേഷനിലെത്തിയ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും വിജയ്ക്കെതിരെ പരാതി എഴുതി നൽകുകയും ലാപ്ടോപ്പും മൊബൈലും കൈമാറുകയുമായിരുന്നു.