ചികിത്സാ പിഴവിനെ തുടർന്ന് ഒന്നര വയസുകാരി മരിച്ചെന്ന പരാതിയെ തുടർന്നാണ് കേസ്. മാരാരിക്കുളം പൊലീസാണ് മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തത്.
ആലപ്പുഴ: ചികിത്സാ പിഴവിനെ തുടർന്ന് ഒന്നര വയസുകാരി മരിച്ചെന്ന പരാതിയില്‍ നാട്ടുവൈദ്യൻ മോഹനൻ വൈദ്യർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. മാരാരിക്കുളം പൊലീസാണ് കേസെടുത്തത്. പൊതുപ്രവർത്തകനായ വയനാട് സ്വദേശി ശ്രീജിത്ത് പെരുമന ഡിജിപിക്ക് നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
മോഹനൻ വൈദ്യർ നേരത്തെ മാരാരിക്കുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചിരുന്നു. ഇയാളുടെ ചികിത്സാ കേന്ദ്രം കായംകുളത്ത് ആയതിനാൽ അന്വേഷണം കായംകുളം പൊലീസിനു കൈമാറും. ഇന്ന് ആലപ്പുഴയിൽ ഡിജിപി ലോക്നാഥ് ബെഹ്റ നടത്തിയ അദാലത്തിലാണ് പരാതി സമർപ്പിച്ചത്. മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പുറമെ അശ്രദ്ധയെ തുടർന്ന് മനുഷ്യജീവന് അപായ ഉണ്ടായതിനും ചികിത്സ നിയമത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിനുമാണ് മാരാരിക്കുളം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
