Asianet News MalayalamAsianet News Malayalam

പട്ടിണിക്കൊപ്പം കുട്ടികള്‍ക്ക് ക്രൂരമായ മര്‍ദനവും; പിതാവിനെതിരെ കേസെടുക്കും

പിതാവ് നിരന്തരമായി മര്‍ദ്ദിച്ചിരുന്നതായി കുട്ടികള്‍ ശിശുക്ഷേമ സമിതിക്ക് മൊഴി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 

case may register against father in Vanchiyoor
Author
Trivandrum, First Published Dec 3, 2019, 10:44 AM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ ശിശുക്ഷേമ സമിതി സംരക്ഷണം ഏറ്റെടുത്ത നാല് കുട്ടികളുടെ പിതാവിനെതിരെ കേസ് എടുക്കും. കുട്ടികളെ മര്‍ദ്ദിച്ചതിനാണ് പിതാവിനെതിരെ കേസ്. പിതാവ് നിരന്തരമായി മര്‍ദ്ദിച്ചിരുന്നതായി കുട്ടികള്‍ ശിശുക്ഷേമ സമിതിക്ക് മൊഴി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നലെയാണ്  കൈതമുക്കിലെ പുറമ്പോക്കിലെ ഷെഡില്‍ കഴിയുന്ന കുടുംബത്തിലെ നാല് മക്കളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തത്.

തിരുവനന്തപുരം ശിശുക്ഷേമസമിതി ഓഫീസില്‍ കുട്ടികളുടെ അമ്മ അപേക്ഷ നല്‍കിയിരുന്നു. പ്രാഥമികമായി നടത്തിയ പരിശോധനയില്‍ കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ കാണുന്നുണ്ട്. കുട്ടികളെ വിശദമായ വൈദ്യപരിശോധനയ്‍ക്ക് വിധേയമാക്കാനാണ് തീരുമാനം. നാളെ മുതൽ കുട്ടികളെ സ്‍കൂളിലേക്ക് അയക്കുമെന്നും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ദീപക് പറഞ്ഞു.

ആറു കുട്ടികളാണ് ഇവര്‍ക്ക്. മൂത്തയാള്‍ക്ക് 7 വയസ്സും ഏറ്റവും ഇളയ ആള്‍ക്ക് മൂന്ന് മാസവുമാണ് പ്രായം. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് മദ്യപാനിയാണ്.  ഭക്ഷണത്തിനുള്ള വക ഭര്‍ത്താവ് തരാറില്ല. വിശപ്പടക്കാന്‍ മൂത്ത കുട്ടി മണ്ണ് വാരി തിന്നുന്ന അവസ്ഥ പോലുമുണ്ടായി. സംഭവമറിഞ്ഞാണ് ചൈല്‍ഡ്‍ലൈന്‍ പ്രവര്‍ത്തകര്‍ ഇവിടെ എത്തിയത്. തിരുവനന്തപുരത്തെ മഹിളാമന്ദിരത്തിൽ കഴിയുന്ന അമ്മയേയും രണ്ട് കുട്ടികളെയും വെള്ളനാട് പുനലാലുള്ള ഡയിൽ വ്യൂ എന്ന മന്ദിരത്തിലേക്ക് മാറ്റും.

റേഷൻ കാർഡോ,മറ്റ് സർക്കാർ രേഖകളോ ഇല്ലാത്ത കുടുംബത്തിന് കൊടിയ ദാരിദ്ര്യം കണക്കിലെടുത്ത് ഫ്ലാറ്റ് നൽകുമെന്നാണ് നഗരസഭാ വാഗ്ദാനം. തിരുവനന്തപുരം നഗരസഭയിൽ ഇന്ന് തന്നെ താല്‍ക്കാലിക ജോലി നൽകുമെന്നാണ് മേയറുടെ വാഗ്ദാനം. അതേസമയം തിരുവനന്തപുരത്തെ മഹിളാമന്ദിരത്തിൽ കഴിയുന്ന അമ്മയേയും രണ്ട് കുട്ടികളെയും വെള്ളനാട് പുനലാലുള്ള ഡയിൽ വ്യൂ എന്ന മന്ദിരത്തിലേക്ക് മാറ്റും.
 

Follow Us:
Download App:
  • android
  • ios