Asianet News MalayalamAsianet News Malayalam

ജിസിഡിഎ ഗസ്റ്റ് ഹൗസിൽ നിന്ന് ഫർണിച്ചറുകൾ കടത്തിയ കേസ്; കെപിസിസി ജനറൽ സെക്രട്ടറിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ഒന്നേ കാൽ ലക്ഷം രൂപയുടെ ഉപകരണങ്ങൾ കടത്തി എന്നാണ് പരാതി. വേണുഗോപാലിന് ഒപ്പം മൂന്ന് ജീവനക്കാരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

Case of furniture smuggling from GCDA guest house KPCC general secretary arrested
Author
Kochi, First Published Aug 22, 2020, 5:56 PM IST

കൊച്ചി: ജിസിഡിഎ ഗസ്റ്റ് ഹൗസിലെ ഫർണിച്ചറുകൾകടത്തിയ കേസിൽ  കെപിസിസി ജനറൽ സെക്രട്ടറിയും മുൻ ജിസിഡിഎ ചെയർമാനുമായ എൻ വേണുഗോപാലിനെ അറസ്റ്റ് ചെയ്ത ജാമ്യത്തിൽ വിട്ടു.  ഒന്നര ലക്ഷം രൂപയുടെ ഉപകരണങ്ങൾ കാണാതായെന്ന് ചൂണ്ടികാട്ടി ജിസിഡിഎ സെക്രട്ടറി നൽകിയ പരാതിയിലാണ്  എൻ വേണുഗോപാലിനെയും മൂന്ന് ജിസിഡിഎ ഉദ്യോഗസ്ഥരെയും കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്ത്.

 2016 ലാണ് ജിസിഡിഎ സെക്രട്ടറി ഗസ്റ്റ് ഹൗസിലെ ഫർണിച്ചർ, എസി അടക്കമുള്ള ഉപകരണങ്ങൾ കാണാനില്ലെന്ന് ചൂണ്ടികാട്ടി പൊലീസിൽ പരാതി നൽകിയത്. എൻ വേണുഗോപാൽ ജിസിഡിഎ ചെയർമാൻ സ്ഥാനം ഒഴിഞ്ഞതിന് പിറകെയായിരുന്നു സംഭവം. ജിസിഡിഎ നടത്തിയ പരിശോധനയിൽ ഒന്നര ലക്ഷം രൂപയുടെ ഉപകരണങ്ങളുടെ കുറവാണ് കണ്ടെത്തിയത്. ഉപകരണങ്ങൾ കടത്തിയത് വേണുഗോപാലാണെന്ന് ബോധ്യമായതോടെ കടത്തിയ ഫർണിച്ചറിന്‍റെ പണം തിരിച്ചടയ്ക്കാൻ നോട്ടീസ് നൽകി. എന്നാൽ തുടർനടപടിയുണ്ടാകാതെ വന്നതോടെയാണ് കടവന്ത്ര പൊലീസിൽ പരാതി നൽകിയത്. 
കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണത്തിനിടെ മുണ്ടൻവേലിയിലെ ഫിഷ് ഫാമിൽ വെച്ച് ഗസ്റ്റ് ഹൗസിലെ ഏതാനും ഫർണിച്ചറുകൾ കണ്ടെത്തിയിരുന്നു. എൻ വേണുഗോപാലിന് പുറമെ മൂന്ന്  ജിസിഡിഎ ഉദ്യോഗസ്ഥര്‍‍‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സർക്കാർ ഫർണിച്ചറുകൾ കടത്തിയത് അറിഞ്ഞിട്ടും തുടർനടപടികൾ സ്വീകരിക്കാത്തതാണ് ഉദ്യോഗസ്ഥർക്കെതിരായ കുറ്റം.

കേസിൽ എറണാകുളം സെഷൻസ് കോടതി നാല് പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിക്കുകയും അന്വേഷണവുമായി സഹകരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇതിന് പിറകെയാണ് ഇന്ന് രാവിലെ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ ഹാജരായത്. പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പൊലീസ് വിട്ടയച്ചു.

Follow Us:
Download App:
  • android
  • ios