കൊച്ചി: നിയമസഭാ കയ്യാങ്കളി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. സിംഗിൾ ബെഞ്ച് കേസ് വിധി പറയാനായി മാറ്റി. 

കെ എം മാണിയുടെ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് 2015ൽ നിയമസഭയിലുണ്ടായ കയ്യാങ്കളിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഈ ആവശ്യം നേരത്തെ തിരുവനന്തപുരം ജില്ലാ കോടതി തളളിയിരുന്നു. നിയമസഭാ അംഗങ്ങൾക്ക് എതിരെ കേസ് എടുക്കണമെങ്കിൽ സ്പീക്കറുടെ  അനുമതി വേണമെന്ന് സർക്കാർ അറിയിച്ചു. എന്നാൽ ഇത്തരം കേസുകൾ പിൻവലിക്കുന്നതിൽ എന്താണ് പൊതു താൽപര്യമെന്ന് കോടതി സർക്കാരിനോട് ആരാ‌‌ഞ്ഞു. മന്ത്രിമാരായ ഇ പി ജയരാജനെയും കെ ടി ജലീലിനെയും കൂടാതെ വി ശിവൻകുട്ടി, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരും കേസിലെ പ്രതികളാണ്.