തിരുവനന്തപുരം: സ്വാമി അഗ്നിവേശിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 50 ഓളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പൂജപ്പുര പൊലീസാണ് ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തത്. തിരുവനന്തപുരം പൂജപ്പുരയില്‍ വൈദ്യമഹാസഭ സംഘടിപ്പിച്ച പാരമ്പര്യ വൈദ്യന്മാരുടെ പരാപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോളാണ് സ്വാമി അഗ്നിവേശിനെതിരെ കയ്യേറ്റം ഉണ്ടായത്. 

ആർഎസ്എസ് പ്രവർത്തകർ തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും   പൊലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും ഒരു നടപടിയും എടുത്തില്ലെന്നും സ്വാമി അഗ്നിവേശ് സംഭവത്തിന് ശേഷം കുറ്റപ്പെടുത്തിയിരുന്നു. പൂജപ്പുര സരസ്വതി മണ്ഡപത്തിലായിരുന്നു ഇന്നലെ രാവിലെ പരിപാടി. സ്വാഗത പ്രസംഗത്തിന് പിന്നാലെ ഒരു സംഘം ആർഎസ്എസ് പ്രവർത്തകർ ബഹളം വച്ച് പരിപാടി തടസ്സപ്പെടുത്തിയെന്നായിരുന്നു സ്വാമി അഗ്നിവേശിന്‍റെ  ആരോപണം. 

അഗ്നിവേശ് ഹിന്ദു വിരുദ്ധനാണെന്നും പ്രസംഗിക്കാൻ അനുവദിക്കില്ലെന്നും മുദ്രാവാക്യം മുഴക്കി ആക്രമിക്കാൻ ശ്രമിച്ചെന്നുമായിരുന്നു ആക്ഷേപം. മഹാത്മാ ഗാന്ധിയുടെ 150 ആം ജന്മദിനത്തിൽ കേരളത്തിൽ നിന്നുണ്ടായ ദുരനുഭവം ഞ്ഞെട്ടിച്ചെന്ന് ഇതിന് പിന്നാലെ അഗ്നിവേശ് പ്രതികരിച്ചിരുന്നു.