Asianet News MalayalamAsianet News Malayalam

നവജാതശിശുവിനെ അപമാനിച്ച യുവാവിനെതിരെ മതസ്പര്‍ധ വളര്‍ത്തിയതിന് പൊലീസ് കേസെടുത്തു

ശബരിമലയില്‍ ആചാരം സംരക്ഷണം എന്ന പേരില്‍ കഴിഞ്ഞ കുറച്ചു ദിവസമായി ഇയാള്‍ സന്നിധാനത്തും പരിസത്തും ഉണ്ടെന്നാണ് ഫേസ്ബുക്കിലെ ചിത്രങ്ങളില്‍ നിന്നും മനസിലാവുന്നത്.

case registered against binil somasundaram for pushing communal violence
Author
Ernakulam, First Published Apr 17, 2019, 5:30 PM IST
കൊച്ചി: ഹൃദയവാൽവിലുണ്ടായ ​ഗുരുതര തകരാറിനെ തുടർന്ന് മം​ഗാലപുരത്തെ ഡോ.മുള്ളേഴ്സ് ആശുപത്രിയിൽ നിന്നും കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച പതിനഞ്ച് ദിവസം പ്രായമുള്ള നവജാത ശിശുവിനെ വർ​ഗീയമായി അപമാനിച്ച യുവാവിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. എറണാകുളം കടവൂർ സ്വദേശിയായ ബിനിൽ സോമസുന്ദരത്തിനെതിരെയാണ് 153-എ വകുപ്പ് പ്രകാരം മതസ്പർധ വളർത്താൻ ശ്രമിച്ചതിന് കേസെടുത്തത്. എറണാകുളം സെൻ‌ട്രൽ പൊലീസാണ് സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം സൃഷ്ടിച്ച സംഭവത്തിൽ കേസ് എടുത്തിരിക്കുന്നത്.
 
അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ബിനില്‍ സോമസുന്ദരത്തിന്‍റെ വിഷം ചീറ്റുന്ന പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയതായി നേരത്തെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ബിനിലിനെതിരെ കർശന നടപടിയുണ്ടാവുമെന്ന് പൊലീസ് ഉറപ്പ് തന്നതായും അദ്ദേഹം പറഞ്ഞിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് ആംബുലന്‍സിലെത്തിച്ച 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞോമനയെ അധിക്ഷേപിച്ച് ബിനില്‍ സോമസുന്ദരം ഫേസ്ബുക്കിലും ട്വിറ്ററിലും കുറിപ്പിട്ടത്.
 
കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാനായി  മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സ് ചീറി പാഞ്ഞപ്പോള്‍ സമാനതകളില്ലാത്ത പ്രാര്‍ത്ഥനയുമായാണ് കേരളം കാത്തിരുന്നത്. തെരുവോരങ്ങളെല്ലാം ഒരേ മനസ്സാല്‍ ആംബുലന്‍സിന് വേണ്ടി വഴിമാറിയപ്പോള്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയുമെല്ലാം പിഞ്ചോമനയ്ക്കൊപ്പം നിന്നു.
 
എന്നാല്‍ ഇതേസമയത്താണ് സോഷ്യല്‍ മീഡിയയിലൂടെ ആ കുഞ്ഞിനെ അധിക്ഷേപിച്ചും  വര്‍ഗീയ വിഷം ചീറ്റിയുമുള്ള കുറിപ്പെ് ബിനില്‍ സോമസുന്ദരം പോസ്റ്റിയത്. ആംബുലന്‍സിലുള്ളത് ജിഹാദിയുടെ വിത്താണ് എന്നായിരുന്നു ബിനില്‍ സോമസുന്ദരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
 
'കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി 'സാനിയ-മിത്താഹ്' ദമ്പതികളുടേതാണ്.  ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്' ഇങ്ങനെയായിരുന്നു ബിനില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
 
സംഭവം വിവാദമായതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിച്ചു. പിന്നീട് ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തെന്ന് മറ്റൊരു കുറിപ്പിട്ട് രക്ഷപ്പെടാനുള്ള ശ്രമം നടത്തി. എന്നാല്‍ സമാനമായ പോസ്റ്റ് ട്വിറ്ററിലും ഇയാള്‍ ഇട്ടിരുന്നു. ഇത് പിന്‍വലിക്കാന്‍ വൈകിയത് ചൂണ്ടികാട്ടി സോഷ്യല്‍ മീഡിയ അതിശക്തമായ വിമര്‍ശനമാണ് ഇയാള്‍ക്കെതിരെ ഉയര്‍ത്തുന്നത്. ഒരേ സമയം ട്വിറ്ററും ഫേസ്ബുക്കും ഹാക്ക് ചെയ്തോ എന്ന ചോദ്യവും ഉയര്‍ത്തുന്നവരുണ്ട്. ഹിന്ദു രാഷ്ട്ര സേവകനാണ് എന്നാണ് ഇയാള്‍  ഫേസ്ബുക്കില്‍  സ്വയം പരിചയപ്പെടുത്തുന്നത്.  ശബരിമലയില്‍ ആചാരം സംരക്ഷണം എന്ന പേരില്‍ കഴിഞ്ഞ കുറച്ചു ദിവസമായി ഇയാള്‍ സന്നിധാനത്തും പരിസത്തും ഉണ്ടെന്നാണ് ഫേസ്ബുക്കിലെ ചിത്രങ്ങളില്‍ നിന്നും മനസിലാവുന്നത്
 
Follow Us:
Download App:
  • android
  • ios