തിരുവനന്തപുരം: സെക്രട്ടറിയേറ്റും പരിസരവും സംഘര്‍ഷഭൂമിയാക്കി പ്രതിഷേധം നടത്തിയ കെഎസ്‍യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. 15 കെഎസ്‍യു യൂത്ത് കോൺഗ്രസ് പ്രവർത്തകരും കണ്ടാലറിയാവുന്ന 100 ല്‍ അധികം പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിഷേധത്തിനിടെ അസി. കമ്മീഷണർ പ്രതാപൻ നായർക്ക് ഉൾപ്പെടെ പരിക്കേറ്റിരുന്നു.

പൊലീസും സമരക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കെഎസ്‍യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ഫോർട്ട് അസിസ്റ്റന്‍റ  കമ്മീഷണർ അടക്കം മൂന്ന് പൊലീസുദ്യോഗസ്ഥർക്കും സാരമായ പരിക്കേറ്റിരുന്നു. കല്ലേറിലാണ് രണ്ട് പൊലീസുകാർക്ക് പരിക്കേറ്റത്.

യൂണിവേഴ്‍സിറ്റി കോളേജില്‍ കെഎസ്‍യു യൂണിറ്റ് രൂപികരിച്ചതിന് പിന്നാലെ  യൂണിറ്റംഗങ്ങളേയും കൂട്ടി മാർച്ചായി കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോളേജിന് മുൻവശത്തേക്ക് ചെന്നത് പൊലീസ് തടഞ്ഞതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. യൂണിറ്റംഗങ്ങളെ മാത്രം അകത്തേക്ക് കയറ്റി ബാക്കിയുള്ളവരെ പുറത്ത് തന്നെ നിര്‍ത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ്, സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസും കെഎസ്‍യുവും പ്രതിഷേധ മാർച്ച് നടത്തിയത്. 

യുദ്ധക്കളമായി സെക്രട്ടേറിയറ്റ് പരിസരം, കെഎസ്‍യു സമരം നിർത്തി; പ്രതിഷേധം തുടരുമെന്ന് ഡീൻ