കണ്ണൂർ/ പാലക്കാട്: കണ്ണൂർ തലശ്ശേരിയിലെ ബ്രണ്ണൻ കോളേജിലും പാലക്കാട് മലമ്പുഴ ഐടിഐ കോളേജിലും പ്രകോപനപരമായ പോസ്റ്റർ പതിച്ചു എന്ന പരാതിയെത്തുടർന്ന് കേസെടുത്ത് പൊലീസ്. മലമ്പുഴ ഐടിഐയിൽ പോസ്റ്റർ പതിച്ചതിന് എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. തലശ്ശേരി ബ്രണ്ണൻ കോളേജിൽ എസ്എഫ്ഐയുടെ പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടതെങ്കിലും അന്വേഷണത്തിന് ശേഷം മാത്രമേ ആരാണ് ഒട്ടിച്ചതെന്ന് വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.  

ഇതാണ് വിവാദമായ ആ പോസ്റ്റർ:

തലശ്ശേരി ബ്രണ്ണൻ കോളേജിൽ ഈ പോസ്റ്റർ പതിച്ചതിന് ധർമ്മടം പൊലീസ് സ്വമേധയാ കേസെടുത്തു. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷത്തിന് പ്രേരിപ്പിക്കുന്ന പ്രകോപനപരമായ പോസ്റ്റർ പതിച്ചു എന്ന പരാതിയിലാണ് കേസ്. പോസ്റ്റർ പൊലീസെത്തി നീക്കം ചെയ്തു. 

പോസ്റ്ററിൽ എസ്എഫ്ഐ എന്ന് എഴുതിയിട്ടുണ്ടെങ്കിലും പിന്നിൽ എസ്എഫ്ഐ പ്രവർത്തകരാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ധർമ്മടം പൊലീസ് പറഞ്ഞു. പോസ്റ്ററുമായി എസ്എഫ്ഐക്ക് ബന്ധമില്ലെന്നാണ് കണ്ണൂർ ജില്ലാ നേതൃത്വത്തിന്‍റെ പ്രതികരണം. 

മലമ്പുഴ ഐടിഐയിൽ സമാന പോസ്റ്റർ ഒട്ടിച്ചതിന് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി സുജിത്, പ്രസിഡന്‍റ്  ജിതിൻ എന്നിവർക്കെതിരെയാണ് കേസ്. കലാപം ഉണ്ടാക്കാൻ പ്രരിപ്പിക്കുന്ന തരത്തിൽ പോസ്റ്റർ ഒട്ടിച്ചെന്ന എബിവിപിയുടെ പരാതിയിലാണ് കേസെടുത്തത്. ദേശീയ പ്രതിജ്ഞയെ വികൃതമാക്കി ചിത്രീകരിച്ചെന്നും എബിവിപി നൽകിയ പരാതിയിൽ പറയുന്നു.