സ്വർണക്കൊള്ളയിൽ ക്രൈബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തു. കേസ് എച്ച് വെങ്കിടേഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറും. കേസിൽ പത്ത് പേര്‍ പ്രതികളാണ്.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ക്രൈബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തു. കേസ് പ്രത്യേക സംഘത്തിന് കൈമാറും. ക്രൈംബ്രാഞ്ച് മേധാവി കൂടിയായ എച്ച് വെങ്കിടേഷാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെയും മേധാവി. സംസ്ഥാന അടിസ്ഥാനത്തിൽ അന്വേഷണ അധികാരമുള്ളതുകൊണ്ടാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ഉണ്ണികൃഷ്ണൺ പോറ്റിയും സഹായികളും ദേവസ്വം ഉദ്യോഗസ്ഥരും ഉൾപ്പടെ കേസിൽ പത്ത് പേര്‍ പ്രതികളാണ്. കവർച്ച, വ്യാജരേഖ ചമക്കൽ, വിശ്വാസ വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കും ഉടൻ കടക്കാൻ സാധ്യതയുണ്ട്.
കാണാതായ സ്വർണ്ണത്തിൻറെ വ്യാപ്തി ഇനിയു കൂടും
കാണാതായ സ്വർണ്ണത്തിൻറെ വ്യാപ്തി ഇനിയും കൂടുമെന്നാണ് വിവരങ്ങള്‍. ദേവസ്വം വിജലിൻസിൻ്റെ അന്തിമ റിപ്പോർട്ടിൽ ശബരിമലയിൽ നിന്ന് കാണാതായത് 989 ഗ്രാം സ്വർണ്ണം അഥവാ 124 പവൻ ആണ്. സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്ക് ഭണ്ഡാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഈ കണക്ക്. എന്നാൽ, 98ൽ യുബി ഗ്രൂപ്പ് നൽകിയതിൽ ദ്വാരപാലക ശില്പങ്ങൾ പൊതിയാൻ ഉപയോഗിച്ചത് ഒന്നര കിലോ സ്വർ്ണ്ണം. 2019ൽ ചെന്നെയിൽ ഉരുക്കിയപ്പോൾ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് കിട്ടിയതായി സ്മാർട്ട് ക്രിയേഷൻസ് പറയുന്നത് 577 ഗ്രാം മാത്രം. ബാക്കി ഒരു കിലോയോളം സ്വർണ്ണം എവിടെ അപ്രത്യക്ഷമായി. ഇതിന് പുറമെ വശങ്ങളിലെ 7 പാളികൾ ഉരുക്കി വേർതിരിച്ചപ്പോൾ 409 ഗ്രാം സ്വർണ്ണം കിട്ടിയെന്നാണ് സ്മാർട്ട് ക്രിയേഷൻസ് വാദം. 98ൽ പാളികൾ പൊതിയാൻ എത്ര സ്വർണ്ണം ഉപയോഗിച്ചു എന്നതിന് കൃത്യമായ രേഖകളില്ല.ഇത് രണ്ടും ചേർക്കുമ്പോൾ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം ഒന്നര കിലോയലധികം സ്വർണ്ണം വേണം. പക്ഷെ അന്തിമ റിപ്പോർട്ടിൽ പറയുന്നത് അര കിലോയിൽ താഴെ സ്വർണ്ണം മാത്രമെന്ന്. അപ്രത്യക്ഷമായ കൂടുതൽ സ്വർണ്ണം കണ്ടെത്തലാണ് പ്രത്യേക അന്വേഷണ സംഘത്തിൻറ മുന്നിലെ വെല്ലുവിളി. നിലവിൽ സ്മാർട്ട് ക്രിയേഷൻസിൻെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. എന്നാൽ മൊഴികളിൽ തന്നെ പലതരം വൈരുധ്യങ്ങളുണ്ട്
ഞങ്ങൾ സ്വർണ്ണം ഉരുക്കാറില്ല
അന്തിമ റിപ്പോർട്ടിൽ സ്ഥിരം കസ്റ്റമറായ പോറ്റിക്ക് വേണ്ടി സ്വർണ്ണം ഉരുക്കിയെന്ന് സ്മാർട്ട് ക്രിയേഷൻസ് സമ്മതിക്കുന്നു. സ്മാർട്ട് ക്രിയേഷൻസ് ഗൂഡാലോചനയിലെ പ്രധാന കണ്ണിയെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. മാത്രമല്ല മൊഴിക്ക് അപ്പുറം പാളികൾ ശരിക്കും ഉരുക്കിയോ, പാളികൾ അപ്പാടെ മാറ്റിയോ എന്നതലിടക്കം ശാസ്ത്രീയ പരിശോധന കൂടി വേണ്ടിവരും.



