തിരുവനന്തപുരം: വീഡിയോയിലൂടെ മോശം പരാമര്‍ശം നടത്തിയതിന് ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയില്‍ ശാന്തിവിള ദിനേശനെതിരെ കേസെടുത്തത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരം. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത് എന്ന വിവരമാണ് നേരത്തെ പുറത്ത് വന്നിരുന്നത്. എന്നാൽ അങ്ങനെയല്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

ഹൈടെക് സെൽ ശുപാർശയനുസരിച്ചാണ് ശാന്തിവിള ദിനേശനെതിരായ കേസെന്നാണ് മ്യൂസിയം പൊലീസിന്‍റെ വിശദീകരണം. വിജയ് പി നായർക്കെതിരായ ഐ ടി ആക്റ്റ് ചുമത്തുന്നത് തുടരന്വേഷണത്തിൽ തീരുമാനിക്കുമെന്നും പൊലീസ് പറയുന്നു. വിജയ് കുമാറിനെതിരെ മ്യൂസിയം പൊലീസെടുത്ത കേസ് തമ്പാനൂർ പൊലീസിന് കൈമാറാനും തീരുമാനമായിട്ടുണ്ട്.

എന്നാൽ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിജയ് പി നായരുടെ മുറിയിൽ അതിക്രമിച്ചു കയറി, കൈയേറ്റം ചെയ്തു, ഭീഷണിപ്പെടുത്തി എന്നിവയ്ക്ക് പുറമേ ഫോണും ലാപ്ടോപ്പും എടുത്തുകൊണ്ടുപോയതിൽ മോഷണക്കുറ്റവും ചേർത്താണ് ഭാഗ്യലക്ഷ്മിക്കും ഒപ്പമുണ്ടായിരുന്നവർക്കുമെതിരെ ജാമ്യമില്ലാ കേസ്.

അതേസമയം, അശ്ലീല യൂട്യൂബറെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഭാഗ്യലക്ഷ്മിയ്ക്കും ഒപ്പമുള്ളവർക്കും പിന്തുണയുമായി ആരോഗ്യമന്ത്രിയും വനിതാകമ്മീഷനും ഫെഫ്കയും രംഗത്തെത്തി. ഭാഗ്യലക്ഷ്മിയെ അഭിനന്ദിക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതിൽ ഫെഫ്ക പ്രതിഷേധവും അറിയിച്ചു.  സംസ്ഥാന വനിതാ കമ്മീഷനും ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് രംഗത്തെത്തി.