തിരുവനന്തപുരം: ഹൈക്കോടതിയില്‍ തിരിച്ചടി നേരിട്ടെങ്കിലും ഇഡിക്കെതിരായ കടുത്ത നിലപാട്  തുടരാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം. ക്രൈംബ്രാഞ്ച് അന്വേഷണ വിവരങ്ങള്‍ വിചാരണക്കോടതി പരിശോധിക്കണമെന്നതും പരാതിക്കാര്‍ക്ക് വിചാരണക്കോടതിയെ സമീപിക്കാമെന്നതും നിയമപോരാട്ടത്തിന് കരുത്താകുമെന്ന് സര്‍ക്കാര്‍ കരുതുന്നു. ഹൈക്കോടതി വിധിയുടെ വിശദാംശം പരിശോധിച്ച് ഉടന്‍ തുടര്‍നടപടികളിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ തയ്യാറാകുന്നത്.

കേന്ദ്ര അന്വേഷണ ഏജന്‍സിക്കെതിരെ പോലീസ് അന്വേഷണം. സാഹസികനടപടിയാണ് തെരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാര്‍ എടുത്തത്. നിയമപരമായി നിലനില്‍ക്കുമോ എന്ന് സംശയമുള്ള നീക്കം തെരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിന് അനിവാര്യമായിരുന്നു. സ്പീക്കറടക്കം ഉന്നതരിലേക്ക്  അന്വേഷണം നീളുമ്പോള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ പാകത്തിലുള്ള  എന്തെങ്കിലും ബോംബ് അന്വേഷണ ഏജന്‍സികള്‍ പൊട്ടിക്കുമോ എന്ന പേടി സര്‍ക്കാരിനുണ്ടായിരുന്നു. അത്തരം നീക്കങ്ങള്‍ക്ക് ഈ കേസിലൂടെ തടയിടാനായി എന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. കോടതിമുറ്റത്ത് പോലും നില്‍ക്കാത്തതെന്ന് പ്രതിപക്ഷം വിമര്‍ശിച്ച കേസാണിത്. കോടതിവിധിക്ക് പിന്നാലെ ബിജെപി പരിഹാസച്ചുവയോടെയാണ് പ്രതികരിച്ചത്.

''കേന്ദ്ര അന്വേഷണ ഏജൻസികൾ നിഷ്പക്ഷമാണെന്ന് കോടതി ഉത്തരവിലൂടെ വ്യക്തമായില്ലേ? സംസ്ഥാനസർക്കാരിന്‍റെയും സിപിഎമ്മിന്‍റെയും ഇരവാദം പൊളിഞ്ഞില്ലേ'', എന്നാണ് കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരൻ ചോദിച്ചത്. 

പ്രതിപക്ഷത്തിന്‍റെ കടുത്ത വിമര്‍ശനങ്ങള്‍ക്കിടയിലും ഇഡിക്കെതിരായ പോരാട്ടം തുടരുമെന്ന സൂചനയാണ് സര്‍ക്കാര്‍ വ‍ൃത്തങ്ങള്‍ നല്‍കുന്നതെന്ന് തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. ഇഡിക്കെതിരായി കേസെടുത്ത് അന്വേഷണം നടത്തി കണ്ടെത്തിയ രേഖകളും വിവരങ്ങളും വിചാരണക്കോടതി പരിശോധിക്കുന്നത് തങ്ങളുടെ വാദങ്ങള്‍ക്ക് ഗുണമാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. പരാതിക്കാര്‍ക്ക് വിചാരണക്കോടതിയെ സമീപിക്കാമെന്നതും  അനുകൂലമാണ്. കോടതിവിധിയുടെ വിശദാംശം പരിശോധിച്ച ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.