പത്തനംതിട്ട: മതം സെക്യുലർ എന്ന് രേഖപ്പെടുത്തിയതിനാൽ ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാൻ കഴിയാതെ വിദ്യാർത്ഥിനി ബുദ്ധിമുട്ടുന്നു. എംജി സർവകലാശാല ഓൺലൈൻ അപേക്ഷയിൽ സെക്യുലർ എന്ന കോളം ഇല്ലാത്തതാണ് വടശ്ശേരിക്കര സ്വദേശി നേഹ ടി വിജയുടെ സ്വപ്നങ്ങള്‍ക്ക് വില്ലനായത്. 
 
ഹയർസെക്കന്‍ററി പരീക്ഷയിൽ നേഹ ഉയർന്ന മാർക്ക് നേടിയിരുന്നു. അടുത്ത ലക്ഷ്യം ബയോടെക്നോളജിൽ ബിരുദമാണ്.  പക്ഷെ മഹാത്മ ഗാന്ധി സർവകലാശാലയുടെ ഓൺലൈൻ അപേക്ഷ രീതി നേഹയുടെ ലക്ഷ്യങ്ങൾക്ക് മുന്നില്‍‌ വില്ലനായി. ഒന്നാം ക്ലാസ് മുതൽ ഹയർസെക്കന്ററി വരെ സർട്ടിഫിക്കറ്റുകളിൽ സെക്കുലർ പുലയ എന്നു തന്നെയാണ് നേഹ രേഖപ്പെടുത്തിയിരുന്നത്. ഹയർ സെക്കന്ററി പ്രവേശനത്തിനുള്ള അപേക്ഷയിൽ സെക്കുലർ എന്ന് പ്രത്യേകം കോളം ഉണ്ടായിരുന്നു. 

എന്നാല്‍ ഡിഗ്രി അപേക്ഷയ്ക്കുള്ള ഫോമില്‍ ആ കോളം ഇല്ല. അപേക്ഷ രീതിയിലെ സാങ്കേതിക പിഴവ് മൂലം നേഹയ്ക്ക് നീറ്റ് പരീക്ഷയെഴുതാനുള്ള അവസരവും നഷ്ടപ്പെട്ടു. സാക്ഷ്യപത്രം ആവശ്യപ്പെട്ട് റാന്നി താലൂക്ക് ഓഫീസിൽ അപേക്ഷ നൽകി. 
എന്നാൽ 2017 സെപ്റ്റംബർ 07 തീയതി റാന്നി താലൂക്ക് ഓഫീസിൽ നിന്ന് തന്നെ നൽകിയ സാക്ഷ്യപത്രത്തിൽ നേഹ ഒരു മതത്തിൽപ്പെട്ട ആളല്ലെന്നും ചേരമർ ജാതിയിൽപ്പെട്ട ആളാണെന്നും പറയുന്നു.  മതം ചേർക്കാതെയുള്ള സ്കൂൾ പ്രവേശനം സര്‍ക്കാര്‍ തന്നെ പ്രോത്സാഹിപ്പിക്കുമ്പോഴാണ് നേഹയെ പോലെ സമൂഹകത്തിന് മാതൃക ആയവർക്ക് മുന്നിൽ വഴികൾ അടയുന്നത്.