കേരളകോൺഗ്രസിന്‍റെ പാ‍ർലമെന്‍ററി പാർ‍ട്ടി യോഗം അടുത്തയാഴ്ച അവസാനം ചേർന്നേക്കും. യോഗത്തിന് മുന്നോടിയായി സമവായമുണ്ടാക്കാൻ കത്തോലിക്കാ സഭാ നേതൃത്വം ശ്രമം തുടങ്ങിയതായാണ് വിവരം. 

കോട്ടയം: കേരളകോൺഗ്രസിലെ ഇരുവിഭാഗത്തിന്റയും ശക്തിപ്രകടനങ്ങളായി തെരുവിലെ ഏറ്റുമുട്ടൽ മാറുമ്പോഴാണ് നേതാക്കൾ സമവായസാധ്യതകള്‍ തേടുന്നത്. നേതാക്കൾക്കെതിരെ മോശം പരാമർശങ്ങളാണ് പ്രകടനത്തിൽ നടത്തുന്നത്. ഇത് നിയന്ത്രിക്കാൻ നേതൃത്വവും ശ്രമിക്കുന്നില്ല. എന്നാല്‍ കേരളകോൺഗ്രസിന്‍റെ പാ‍ർലമെന്‍ററി പാർ‍ട്ടി യോഗം അടുത്തയാഴ്ച അവസാനം ചേർന്നേക്കും. യോഗത്തിന് മുന്നോടിയായി സമവായമുണ്ടാക്കാൻ കത്തോലിക്കാ സഭാ നേതൃത്വം ശ്രമം തുടങ്ങിയതായാണ് വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പി ജെ ജോസഫും ജോസ് കെ മാണിയുമായി ചില ബിഷപ്പുമാർ ചർച്ച നടത്തിയതായാണ് വിവരം. സംസ്ഥാനകമ്മിറ്റി വിളിക്കണമെന്ന നിലപാടിലുറച്ച് നിൽക്കുമ്പോഴും അനുരഞ്ജനത്തിന് ജോസ് കെ മാണിയും തയ്യാറാണ്. സ്റ്റിയറിംഗ് കമ്മിറ്റിയും പാർലമെന്‍ററി പാർട്ടി യോഗവും വിളിച്ച ശേഷം സംസ്ഥാനകമ്മിറ്റി വിളിക്കാമെന്നാണ് പി ജെ ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്. 

വിദേശത്തുള്ള മോൻസ് ജോസഫ് അ‍ഞ്ചിന് എത്തും. ആറാം തീയതി എറണാകുളത്ത് വച്ച് പാർലമെന്‍ററി പാർട്ടി യോഗം വിളിക്കാമെന്നാണ് നിർദ്ദേശം. അതിന് മുൻപ് ഏകദേശ ധാരണയുണ്ടായില്ലെങ്കിൽ പാ‍ർലമെന്‍ററി പാർ‍ട്ടിയിലെ നാടകങ്ങൾ പാർട്ടിയുടെ ഭാവി നിശ്ചയിക്കും.