ഗുരുതര ആരോപണങ്ങൾ നേരിടുന്ന എസ്‌പി സുജിത്ത് ദാസ് തങ്ങൾക്കെതിരെ ചുമത്തിയ കള്ളക്കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്നാണ് യുവാക്കളുടെ ആവശ്യം

കൊച്ചി: അച്ചടക്ക നടപടി നേരിടുന്ന എസ്.പി സുജിത്ത് ദാസ് എറണാകുളം എടത്തലയിൽ വ്യാജ മയക്കുമരുന്ന് കേസ് രജിസ്റ്റർ ചെയ്തെന്ന പരാതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 2018ൽ എറണാകുളം റൂറൽ നാർക്കോട്ടിക്ക് സെൽ എഎസ് പി ആയിരുന്ന സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി മർദ്ദിച്ച് വ്യാജ ലഹരികേസ് രജിസ്റ്റർ ചെയ്തുവെന്നാണ് ആരോപണം. കേസിൽ ഇതുവരെയും പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നും ഹർജി പിൻവലിക്കാൻ വലിയ സമ്മർദ്ദം നേരിടുന്നുവെന്നും മർദ്ദനമേറ്റ സുനിൽകുമാർ പറഞ്ഞു.

2018 ഫെബ്രുവരി 24 നാണ് ആലുവ എടത്തല സ്വദേശികളായിരുന്ന സുനിൽകുമാറിന്റെയും,എൻ ആർ രഞ്ജിത്തിന്റെയും ,കെ എൻ രഞ്ജിത്തിന്റെയും ജീവിതം കീഴ്മേൽ മറി‍ഞ്ഞത്. ജോലി പോയി, പണിയെടുക്കാനുള്ള ആരോഗ്യവും യുവാക്കൾക്ക് നഷ്ടമായി. രഞ്ജിത്തിന്‍റെ അമ്മയെ ആശുപത്രിയിൽ കൊണ്ട് പോകാൻ വാടകയ്ക്കെടുത്ത കാർ തിരികെ നൽകാനാണ് മൂവരും അന്ന് എടത്തലയിലുള്ള ഷിഹാബിന്റെ വീട്ടിലെത്തിയത്. അന്ന് എറണാകുളം റൂറൽ നാർക്കോട്ടിക് എഎസ്പി ആയിരുന്ന സുജിത് ദാസ് യുവാക്കളെ കസ്റ്റഡിയിലെടുത്തു. ഷിബാബിൻ്റെ വീടിൻ്റെ ഗേറ്റ് മുതൽ ക്രൂരമായി മർദ്ദിച്ച് സ്റ്റേഷനിലെത്തിച്ചു. ചുമത്തിയത് കള്ളക്കേസെന്നാണ് യുവാക്കളുടെ പരാതി.

ഷിഹാബടക്കം പിന്നീട് പ്രതികളാക്കിയവ‍ർക്കൊപ്പം എല്ലാവരെയും എടത്തല സ്റ്റേഷനിലെത്തിച്ചു. നിരപരാധികളെന്ന് പറഞ്ഞിട്ടും ചെവി കൊണ്ടില്ല. യുവാക്കളുടെ പക്കൽ നിന്ന് തെളിവൊന്നും കിട്ടിയില്ല. ഇതോടെ രണ്ട് ദിവസം കഴിഞ്ഞ് സുനിൽകുമാറിനെ കൊണ്ട് വാഹനം ഓടിപ്പിച്ച് പൊലീസ് സംഘം പിന്തുടർന്നെത്തി, ലഹരിവസ്തു വാഹനത്തിനുള്ളിലിട്ട് തെളിവുണ്ടാക്കി കേസെടുത്തെന്നും ഗുരുതര ആരോപണമുണ്ട്. കസ്റ്റഡിയിലെടുത്ത് രണ്ട് ദിവസത്തിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. 42 ദിവസം ജയിലിൽ കിടന്നു. പിന്നീട് പുറത്തിറങ്ങിയെങ്കിലും തൊഴിലെടുക്കാൻ പറ്റാത്ത അവസ്ഥയിലായി. ഇതിനിടയിലാണ് താനൂർ താമിർ ജിഫ്രി കസ്റ്റഡിക്കൊല കേസിൽ എസ്‌പി സുജിത് ദാസിന്‍റെ പേര് ഉയർന്നത്. വിദേശത്തേക്കുള്ള ജോലി സാധ്യതയും അടഞ്ഞ അവസ്ഥയിലാണ് കേസിന് പിന്നിലെ സത്യം പുറത്ത് കൊണ്ട് വരാൻ ഇവർ ഹൈക്കോടതിയിലെത്തിയത്. എടത്തല പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി വിവരങ്ങളടങ്ങിയ രേഖകളടക്കം ഇവർ ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ജീവിതത്തിൽ മറക്കാൻ പറ്റാത്ത ആ ദിനങ്ങളിൽ അനുഭവിച്ചതിന് കോടതിയിൽ നിന്ന് നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് യുവാക്കൾ.

അതിനിടെ ക്വാർട്ടേഴ്സിലെ മരംമുറി കേസ് അട്ടിമറിക്കാനായി പരാതിക്കാരനായ പിവി അൻവർ എംഎൽഎയെ വിളിച്ച് സ്വാധീനിച്ചതിന് ജില്ലാ പൊലിസ് മേധാവി സ്ഥാനത്തുനിന്നും മാറ്റിയ സുജിത് ദാസ് ഇന്ന് പൊലിസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യും. ഇന്നലെ സുജിത് പത്തനംതിട്ട എസ്.പി സ്ഥാനം ഒഴിഞ്ഞിരുന്നു. സർക്കാർ ക്വാർട്ടേഴ്സിൽ നിന്നും മരം മുറിച്ചതിന് അന്വേഷണം നേരിടുന്ന സുജിത്തിന് പകരം നിയമനം നൽകിയിട്ടില്ല. ഇന്ന് ഡിജിപി ഷെയ്‌ക്ക് ദ‍ർവേസ് സാഹിബ് മുമ്പാകെ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സുജിത് അവധിയിൽ പോകാനാണ് സാധ്യത.