കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടില്‍ യൂണിടാക് എംഡി സന്തോഷിനെയും ഭാര്യ സീമ സന്തോഷിനെയും സിബിഐ ചോദ്യം ചെയ്ത് വിട്ടയച്ചു. സന്തോഷ്‌ ഈപ്പനെ മൂന്നാം തവണയാണ് സിബിഐ ചോദ്യം ചെയ്യുന്നത്. ലൈഫ് മിഷൻ  ക്രമക്കേടിൽ  സിബിഐ എഫ്ഐആർ  റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് വിജി അരുൺകുമാറാണ് ഹർജി പരിഗണിക്കുന്നത്.  

വിദേശ ഏജന്‍സിയായ റെഡ് ക്രസന്‍റും - യൂണിടാകും തമ്മിലാണ് ധാരണയുണ്ടാക്കിയത്. ഈ  ഇടപാടിന് വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുന്നതിന് എഫ്ആര്‍സിഎ  നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നാണ്  വാദം. റെ‍ഡ് ക്രസന്‍റും യൂണിടാകും തമ്മിലുള്ള ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ല. സര്‍ക്കാരിലെയോ ലൈഫ് മിഷനിലെയോ ഒരു ഉദ്യോഗസ്ഥർക്കും എതിരെ തെളിവുമില്ല.  സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും ലൈഫ് മിഷൻ സിഇഒ യുവി ജോസ് നൽകിയ ഹർ‍ജിയിൽ പറയുന്നു.