കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടില്‍ യൂണിടാക് എംഡി സന്തോഷിനെയും ഭാര്യയെയും വീണ്ടും ചോദ്യം ചെയ്യുന്നു. ലൈഫ് മിഷൻ തൃശ്ശൂർ ജില്ലാ കോർഡിനേറ്റർ ലിൻസ് ഡേവിഡിനെയും സിബിഐ ഓഫീസിലേക്ക് വിളിച്ചു വരുത്തി. ലൈഫ് മിഷൻ സിഇഒ, യുവി ജോസിനോട്, ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളുമായി ഹാജരാകാൻ സിബിഐ നോട്ടീസ് നൽകിയിട്ടുണ്ട്. യൂണിടാക്കുമായുള്ള കരാർ ആരുടെ നിർദ്ദേശം അനുസരിച്ചാണെന്നതിലും വിദേശ ഫണ്ട് ഉപയോഗിച്ച് നിർമാണം നടത്തുമ്പോൾ എന്തുകൊണ്ട് കേന്ദ്ര അനുമതി വാങ്ങിയില്ല എന്നതിലും യു വി ജോസിൽ നിന്ന് വ്യക്തത തേടും.

ലൈഫ് മിഷൻ  ക്രമക്കേടിൽ  സിബിഐ എഫ്ഐആർ  റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ലൈഫ് മിഷൻ  സിഇഒ യുവി ജോസ് ആണ് കോടതിയെ സമീപിച്ചത്. ലൈഫ് ഇടപാട് എഫ്ആര്‍സിഎ ചട്ടങ്ങളുടെ പരിധിയില്‍ വരില്ലെന്നും  സിബിഐ നടപടിയ്ക്ക് പിന്നിൽ  സ്ഥാപിത താല്‍പര്യങ്ങളുണ്ടെന്നും ഹർജിയിൽ  ആരോപിക്കുന്നു. വിദേശ ഏജന്‍സിയായ റെഡ് ക്രസന്‍റും നിര്‍മാണക്കമ്പനിയായ യൂണിടാകും തമ്മിലുള്ള ഇടപാടിന് വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുന്നതിന് എഫ്ആര്‍സിഎ നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നാണ്  വാദം. റെ‍ഡ് ക്രസന്‍റും യൂണിടാകും തമ്മിലുള്ള ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ല. സര്‍ക്കാരിലെയോ ലൈഫ് മിഷനിലെയോ ഒരു ഉദ്യോഗസ്ഥന് എതിരെ പോലും അന്വേഷണം നടത്താനുള്ള തെളിവില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.