തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിവിന്‍റെ അമ്മയ്ക്ക് സിബിഐ നോട്ടീസയച്ചു. ശ്രീജിവിന്‍റേത്  കസ്റ്റഡി മരണമല്ല ആത്മഹത്യ തന്നെയെന്ന സിബിഐ റിപ്പോർട്ടില്‍ ആക്ഷേപമുണ്ടെങ്കില്‍  ഈ മാസം 27 ന് ബോധിപ്പിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശ്രീജിവിന്‍റേത് ആത്മഹത്യ തന്നെയെന്നാണ് പറയുന്നത്.

ആത്മഹത്യാ കുറിപ്പും ഡോക്ടറുടെ മൊഴിയും ശ്രീജിവിന്‍റേത് ആത്മഹത്യ തന്നെയാണെന്ന് സൂചിപ്പിക്കുന്നെന്നാണ് സിബിഐയുടെ വാദം. മോഷണ കേസിൽ 2014 മെയ് 19 നാണ് ശ്രീജിവിനെ കസ്റ്റഡിയിലെടുക്കുന്നത്. എന്നാല്‍ ശ്രീജിവ് ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും ഇതിൽ പെണ്‍കുട്ടിയുടെ മാതാപിതാക്കൾ പൊലീസിനെ സ്വാധീനിച്ച് കസ്റ്റഡിയിൽ വച്ച് വിഷം നൽകി കൊലപ്പെടുത്തിയെന്നായിരുന്നു സഹോദരൻ ശ്രീജിത്തിന്‍റെ ആരോപണം. 

ഇതോടെ കേരള പൊലീസ് പ്രത്യേക സംഘം അന്വേഷിച്ച കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. എന്നാല്‍ സിബിഐയുടെ കണ്ടെത്തലും ശ്രീജിവിന്‍റേത് ആത്മഹത്യയാണെന്നാണ്. ശ്രീജിവ് ആത്മഹത്യ ചെയ്തുവെന്നതിന് സാക്ഷി മൊഴികളും,സാഹചര്യ തെളിവുകളും,ശാസ്ത്രീയ തെളിവുകളുമുണ്ടെന്ന് സിബിഐ കോടതിയിൽ അറിയിച്ചു.