Asianet News MalayalamAsianet News Malayalam

Periya Murder : പെരിയ കേസിൽ സിപിഎം മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 24 പ്രതികൾ; കുറ്റപത്രം നൽകി സിബിഐ

കൊലപാതകം,. ഗൂഡാലോചന, സംഘം ചേരൽ, തെളിവ് നശിപ്പിക്കൽ, ആയുധ നിയമം തുടങ്ങി വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം നൽകിയത്.
 

CBI submits chargesheet  periya double murder
Author
Thiruvananthapuram, First Published Dec 3, 2021, 7:06 PM IST

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല കേസിൽ (Periya double murder case) സിബിഐ കുറ്റപത്രം സമർപ്പിച്ചു. പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരാണ് ഒന്നാം പ്രതി. ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ (K V Kunhiraman) ഉൾപ്പെടെ 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. പെരിയയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്താൻ കാരണം രാഷ്ട്രീയ വൈരാഗ്യമാണെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു.

പെരിയ ഇരട്ട കൊലപാതക കേസിൽ നാളെ കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം നിലനിൽക്കേയാണ് സിബിഐയുടെ നടപടി. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരുടെ കൊലക്ക് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. യുവാക്കള്‍ക്കിടയിൽ ശരത് ലാലിനുണ്ടായിരുന്ന സ്വാധീനം അവസാനിപ്പിക്കാൻ സിപിഎം പ്രാദേശിക നേതാക്കള്‍ തീരുമാനിച്ചിരുന്നു. സിപിഎം പശ്ചാത്തമുള്ള കുടുംബത്തിലെ കൃപേഷ് ശരത്തിലാലിൻെറ അടുത്ത അനുയായി മാറിയതും സിപിഎം നേതാക്കളെ അസ്വസ്ഥപ്പെടുത്തി. ശരത് ലാലും സിപിഎം പ്രവർത്തകരും തമ്മിൽ നിരവധി പ്രാവശ്യം ഏറ്റമുട്ടലുകളുണ്ടായിട്ടുണ്ട്. ഇതിനിടെയാണ് പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ ശരത് ലാൽ മർദ്ദിക്കുന്നത്. ഇതിന് ശേഷം കൊലപാതക ഗൂഡാലോചന സിപിഎം തുടങ്ങിയെന്ന് സിബിഐ പറയുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ സംഘം ചേരൽ, ഗൂഡാലോചന തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍. 

Also Read: 'പ്രതികള്‍ക്ക് സഹായം നല്‍കി'; പെരിയ കേസില്‍ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ പ്രതി

ഉദമ മുൻ എംഎഎൽ കെ വി കുഞ്ഞിരാമൻ 20-ാം പ്രതിയാണ്. 14 പ്രതികളെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതുകൂടാതെ സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷ് ഉൾപ്പെടെ അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്നലെയാണ് ഗൂഡാലോചന കേസിൽ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെ ജില്ലാ- പ്രാദേശിക  നേതാക്കളായ അഞ്ച് പേരെ പ്രതിചേർത്തത്. 2019 ഫെബ്രുവരി 17നാണ് പെരിയയിൽ യുവാക്കളെ കൊലപ്പെടുത്തുന്നത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് കൊച്ചി സിജെഎം കോടതിയിൽ കുറ്റപത്രം നൽകിയത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പെരിയ കേസ് സിബിഐ ഏറ്റെടുക്കുന്നത്. 

Follow Us:
Download App:
  • android
  • ios