Asianet News MalayalamAsianet News Malayalam

പയ്യോളി മനോജ് വധം: സിബിഐ കുറ്റപത്രത്തിൽ 27 സിപിഎമ്മുകാർ പ്രതികൾ: പൊലീസിനും തിരിച്ചടി

ഡിവൈഎസ്പി ജോസി ചെറിയാൻ, സിഐ വിനോദൻ എന്നിവർക്കെതിരെ വകുപ്പ് തല നടപടി വേണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടു.

cbi submitted charge sheet for payyoli manoj murder case
Author
Kozhikode, First Published Sep 19, 2019, 1:20 PM IST

എറണാകുളം: പയ്യോളി മനോജ് വധക്കേസിൽ ഇരുപത്തിയേഴ് സിപിഎം പ്രവർ‌ത്തകർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം നൽകിയത്. കേസന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസുദ്യോ​ഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും സിബിഐ കോടതിയിൽ ശുപാർശ ചെയ്തു. വധക്കേസിലെ മൂന്ന് പ്രതികൾ ഇപ്പോഴും ഒളിവിലാണ്.

രണ്ട് പ്രതികളെ കേസിൽ മാപ്പു സാക്ഷികളാക്കിയിട്ടുണ്ട്. പൊലീസ് മുഖ്യ പ്രതികളാക്കിയ അജിത്, ജിതേഷ് എന്നിവരാണ് മാപ്പു സാക്ഷികളായത്. ഡിവൈഎസ്പി ജോസി ചെറിയാൻ, സിഐ വിനോദൻ എന്നിവർക്കെതിരെ വകുപ്പ് തല നടപടി വേണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടു. സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണനാണ് സിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 

2012 ഫെബ്രുവരി 12-നാണ് ബിഎംഎസ് പ്രവര്‍ത്തകനായ ഓട്ടോഡ്രൈവര്‍ മനോജിനെ പയ്യോളിയിലെ വീട്ടില്‍ കയറി ഒരു സംഘം വെട്ടിക്കൊന്നത്. തുടർന്ന് ലോക്കല്‍ പൊലീസ് കേസില്‍ പ്രദേശത്തെ ഡിവൈഎഫ്ഐ നേതാവ് അജിത്തിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. പിന്നീട് ബന്ധുക്കളുടെ പരാതിയില്‍ ക്രൈംബ്രാഞ്ചന്വേഷിച്ചെങ്കിലും പ്രധാന പ്രതികളിലേക്ക് എത്തുമെന്നായതോടെ രാഷ്ട്രീയ ഇടപെടലുകളുണ്ടായി. പ്രധാന പ്രതി അജിത്ത് കസ്റ്റഡിയിലിരിക്കെ താന്‍ ഡമ്മി പ്രതിയാണെന്നും യഥാര്‍ത്ഥ പ്രതികളെ പാര്‍ട്ടി മാറ്റിയെന്നും വിളിച്ച് പറഞ്ഞതോടെയാണ് കേസ് വലിയ ശ്രദ്ധ നേടിയത്. 

ഡമ്മി പ്രതികളെന്ന് വിളിച്ചു പറഞ്ഞു; മനോജ് വധക്കേസിലെ ഉള്ളറകൾ....

ഡമ്മി പ്രതികളെ നല്‍കി ജില്ലാ കമ്മറ്റി അംഗം അടക്കമുള്ള നേതാക്കളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പേരിലാണ് പയ്യോളി മനോജ് വധക്കേസ് ശ്രദ്ധ നേടിയത്. തങ്ങളല്ല യഥാര്‍ത്ഥ പ്രതികളെന്ന് ഒന്നാം പ്രതികളടക്കമുള്ളവര്‍ പരസ്യമായി വിളിച്ച് പറഞ്ഞതോടെയാണ് കേസില്‍ പുനഃരന്വേഷണത്തിന് വഴിയൊരുങ്ങിയത്. ബിഎംഎസ് പ്രവര്‍ത്തകനായ ഓട്ടോഡ്രൈവര്‍ മനോജിനെ പയ്യോളിയിലെ വീട്ടില്‍ കയറി ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ലോക്കല്‍ പൊലീസ് കേസില്‍ പ്രദേശത്തെ ഡിവൈഎഫ്ഐ നേതാവ് അജിത്തിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു.

2016ലാണ് കേസ് സിബിഐ എറ്റെടുത്തത്. ലോക്കല്‍ കമ്മറ്റി ഓഫീസിലാണ് കൊലയ്ക്കുള്ള ഗൂഢാലോചന നടന്നതെന്ന് അവര്‍ കണ്ടെത്തി. ജില്ലാ കമ്മറ്റി അംഗവും കൃത്യം നടക്കുമ്പോള്‍ ഏരിയ സെക്രട്ടറിയുമായിരുന്ന ചന്തുമാസ്റ്റർ അടക്കമുള്ളവരെ സിബിഐ അറസ്റ്റ് ചെയ്തു. ലോക്കല്‍ കമ്മറ്റി അംഗങ്ങൾ അടക്കം ആറ് സിപിഎം നേതാക്കളും രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പിടിയിലായി. രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് പ്രദേശത്ത് ഹര്‍ത്താല്‍ നടത്തി സിപിഎം പ്രതിഷേധിച്ചുവെങ്കിലും സിബിഐ മുന്നോട്ട് പോവുകയായിരുന്നു. ഒന്നാം പ്രതിയടക്കമുള്ള പലരെയും സിബിഐ മാപ്പുസാക്ഷിയാക്കി.

 

 

Follow Us:
Download App:
  • android
  • ios