കൊച്ചി: പെരിയ ഇരട്ടകൊലപാതക കേസിൽ അന്വേഷണം തുടരാൻ കഴിയുന്നില്ലെന്ന് സിബിഐ ഹൈക്കോടതിയിൽ പറഞ്ഞു. സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹർജി കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ ആണ് അന്വേഷണം തടസ്സപ്പെട്ടത്. കേസ് ഏറ്റെടുത്ത് എഫ് ഐ ആർ കോടതിയിൽ സമർപ്പിച്ചെങ്കിലും അപ്പീൽ വന്നതിനാൽ തുടർ നടപടികൾ ഒന്നും സ്വീകരിക്കാൻ കഴിയുന്നില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. 

നിയമപരമായും സാങ്കേതികപരമായുമുള്ള തടസ്സങ്ങൾ ചൂണ്ടിക്കാട്ടിയാണ്, കേസ് അന്വേഷണം തുടരാനാകുന്നില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചത്. കേസ് നേരത്തെ ക്രൈംബ്രാഞ്ച് ആയിരുന്നു അന്വേഷിച്ചത്. സിപിഎം നേതാക്കൾ ഉൾപ്പടെയുള്ളവരെ പ്രതി ചേർത്താണ് കേസ് എടുത്തത്. പക്ഷേ, ഒരു ഘട്ടം വന്നപ്പോൾ, കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ കേസ് അന്വേഷണത്തിൽ രാഷ്ട്രീയ പക്ഷപാതിത്വം ഉണ്ടെന്ന് ആരോപിച്ചു. അന്വേഷണത്തിന് മറ്റൊരു ഏജൻസി വേണമെന്നും അവർ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് 2019 സെപ്തംബർ 30ന് ഹൈക്കോടതി സിം​ഗിൾ ബഞ്ച് ഈ കേസ് സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കി. 

ഇതിനു ശേഷം വളരെ വേ​ഗം തന്നെ സിബിഐ കേസിന്റെ എഫ്ഐആർ എറണാകുളം സിജെഎം കോടതിയിൽ സമർപ്പിച്ചു. എന്നാൽ, അതിനിടെ അന്വേഷണം സിബിഐക്ക് വിട്ട നടപടി ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ഡിവിഷൻ ബെഞ്ച് ഹർജിയിൽ വാദം കേട്ട് വിധി പറയാൻ മാറ്റി. ഇതിനിടെ, വിധിക്ക് അനുസരിച്ച് മതി തുടരന്വേഷണമെന്ന് കോടതി വാക്കാൽ പറയുകയും ചെയ്തിരുന്നു. ഈ സാഹചര്യം നിലനിൽക്കുന്നതിനാൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നാണ് സിബിഐ ഇന്ന് കോടതിയെ അറിയിച്ചിരിക്കുന്നത്. രണ്ടു പ്രതികളിന്ന് ജാമ്യഹർജിയുമായി കോടതിയിലെത്തിയിരുന്നു. ഈയൊരു ഘട്ടത്തിലാണ് അന്വേഷണം എന്തായി എന്ന് കോടതി സിബിഐ പ്രോസിക്യൂട്ടറോട് ആരാഞ്ഞത്. അപ്പോഴാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്.