ദില്ലി: ഉന്നാവ് കേസ് ഇന്ന് സുപ്രീംകോടതിയിൽ. പെണ്‍കുട്ടിക്ക് വാഹനാപകടം ഉണ്ടായ സംഭവത്തിൽ കേസ് അന്വേഷണ പുരോഗതി സിബിഐ സുപ്രീംകോടതിയെ അറിയിക്കും. ഒരാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനായിരുന്നു സുപ്രീം കോടതി ഈമാസം ഒന്നിന് ഉത്തരവിട്ടത്. അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ സിബിഐ കൂടുതൽ സമയം ആവശ്യപ്പെട്ടേക്കും. ദില്ലി എയിംസിൽ ചികിത്സയിലുള്ള പെണ്കുട്ടിയുടെയും അഭിഭാഷകന്‍റെയും ആരോഗ്യസ്ഥിതിയും കോടതി വിവരം തേടും. 

ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെതിരായ പെണ്‍കുട്ടിയുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് നേരത്തെ സിബിഐ കോടതിയില്‍ അറിയിച്ചിരുന്നു. പെണ്‍കുട്ടി സെന്‍ഗാറിന്‍റെ വീട്ടിലെത്തിയ സമയത്ത് ഗാര്‍ഡുകള്‍ ഉണ്ടായിരുന്നില്ല. ഗേറ്റിനടുത്തു നിന്നും ശശി സിംഗാണ് വീട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടു പോയത്. അതിനുശേഷമാണ് ബലാത്സംഗം ചെയ്യപ്പെട്ടതെന്നും സിബിഐ കോടതിയില്‍ അറിയിച്ചിരുന്നു.