Asianet News MalayalamAsianet News Malayalam

ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സിലബസ് 30 ശതമാനം വെട്ടിക്കുറച്ച് സിബിഎസ്ഇ

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സ്കൂളുകൾ കഴിഞ്ഞ നാല് മാസമായി അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിബിഎസ്ഇ സ്കൂൾ സിലബസ് കാര്യമായി പരിഷ്കരിക്കാൻ ഒരുങ്ങുന്നത്. പഠനഭാരവും, പഠിപ്പിക്കാൻ അധ്യാപകരുടെ മേൽ വരുന്ന ഭാരവും കുറയ്ക്കാനാണ് തീരുമാനം.

cbse to reduce syllabus by 30 percent for classes 9 to 12
Author
New Delhi, First Published Jul 7, 2020, 7:15 PM IST

ദില്ലി: കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിലബസ് 30 ശതമാനം വെട്ടിക്കുറച്ച് സിബിഎസ്ഇ. എന്നാൽ പ്രധാനപാഠഭാഗങ്ങളെല്ലാം നിലനിർത്തുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാംക്ലാസ് വരെയുള്ള സിലബസ്സിലാണ് കാര്യമായ വെട്ടിക്കുറയ്ക്കൽ നടത്തിയത്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സ്കൂളുകൾ കഴിഞ്ഞ നാല് മാസമായി അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിബിഎസ്ഇ സ്കൂൾ സിലബസ് കാര്യമായി പരിഷ്കരിക്കാൻ ഒരുങ്ങുന്നത്. പഠനഭാരവും, പഠിപ്പിക്കാൻ അധ്യാപകരുടെ മേൽ വരുന്ന ഭാരവും കുറയ്ക്കാനാണ് തീരുമാനമെന്ന് കേന്ദ്രമാനവവിഭവശേഷി മന്ത്രി രമേശ് പൊക്രിയാൽ നിഷാങ്ക് വ്യക്തമാക്കി.

''പ്രധാനപാഠഭാഗങ്ങളും വിഷയങ്ങളും സിലബസ്സിൽ നിലനിർത്തും. ഉപരിപഠനത്തിന് തടസ്സമുണ്ടാകാത്ത രീതിയിലാകും സിലബസ് പരിഷ്കരണം'', എന്നും മന്ത്രി അറിയിച്ചു.

സിബിഎസ്ഇ പാഠഭാഗങ്ങളിൽ കാര്യമായ പരിഷ്കരണം വരുത്തണമെന്ന് നേരത്തേ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആവശ്യപ്പെട്ടിരുന്നു. മാർച്ച് 16 മുതൽ രാജ്യത്തെ എല്ലാ സർവകലാശാലകളും സ്കൂളുകളും അടഞ്ഞുകിടക്കുകയാണ്. കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായിരുന്നു ഈ നടപടി. പിന്നീട് മാർച്ച് 24-ന് രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മൂന്ന് തവണ ഇത് നീട്ടുകയും പിന്നീട് അൺലോക്ക് പ്രക്രിയ ആരംഭിക്കുകയും ചെയ്തെങ്കിലും സ്കൂളുകളും കോളേജുകളും അടഞ്ഞുതന്നെ കിടക്കുകയാണ്.

ഈ സാഹചര്യത്തിൽ ബാക്കി വന്ന പരീക്ഷകൾ സിബിഎസ്ഇ റദ്ദാക്കിയിരുന്നു. പുതുക്കിയ മൂല്യനിർണയത്തിന് മാനദണ്ഡങ്ങൾ പുറത്തിറക്കുകയും ചെയ്തു. ഇത് സുപ്രീംകോടതി അംഗീകരിക്കുക കൂടി ചെയ്തതോടെ, ഫലം ജൂലൈ രണ്ടാം വാരത്തോടെ പുറത്തുവരുമെന്നതാണ് സൂചന. ഐസിഎസ്ഇയും സമാനമായ രീതിയിൽ സിബലസ് വെട്ടിക്കുറച്ചിരുന്നു. 25 ശതമാനമാണ് ഐസിഎസ്ഇ സിലബസ് വെട്ടിക്കുറച്ചത്. ഓൺലൈൻ ക്ലാസ്സുകൾ വഴി പല സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളും ക്ലാസ്സുകൾ തുടങ്ങിയെങ്കിലും ഫലപ്രദമായ രീതിയിൽ എല്ലാ വിദ്യാ‍ർത്ഥികൾക്കും ഇത് എത്തിക്കുന്നതിലുള്ള പ്രശ്നങ്ങളുള്ളതിനാലും നേരിട്ടുള്ള ക്ലാസ്സുകൾ നടത്തുന്നതിൽ ബുദ്ധിമുട്ടുള്ളതിനാലും സിലബസ് കുറയ്ക്കുന്നുവെന്നാണ് ബോർഡുകൾ വ്യക്തമാക്കുന്നത്. 

Follow Us:
Download App:
  • android
  • ios