ചേപ്പാട് അഞ്ചാം വാർഡിലെ 42-ാം നമ്പർ കൃഷ്ണ അങ്കണവാടിക്ക് സമീപത്തെ കാടുകയറിയ കുളം പിഞ്ചുകുഞ്ഞുങ്ങൾക്ക് ഭീഷണിയാകുന്നു
ഹരിപ്പാട്: ചേപ്പാട് അഞ്ചാം വാർഡിലെ 42-ാം നമ്പർ കൃഷ്ണ അങ്കണവാടിക്ക് സമീപത്തെ കാടുകയറിയ കുളം പിഞ്ചുകുഞ്ഞുങ്ങൾക്ക് ഭീഷണിയാകുന്നു. അങ്കണവാടി കെട്ടിടത്തോട് ചേർന്നു കിടക്കുന്ന പുറമ്പോക്ക് കുളവും ഇതിനു ചുറ്റും വളർന്നു പന്തലിച്ച കാടുമാണ് കുട്ടികളുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നത്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആസ്ബെസ്റ്റോസ് ഷീറ്റുകൾ വെച്ച് കുളത്തിന്റെ ഒരു ഭാഗം താൽക്കാലികമായി മറച്ചെങ്കിലും ഇത് സുരക്ഷയ്ക്ക് ഒട്ടും പര്യാപ്തമല്ലെന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ അധികാരികൾ അടിയന്തരമായി ശാശ്വത നടപടി സ്വീകരിക്കണമെന്നാണ് രക്ഷകർത്താക്കളുടെ ആവശ്യം.
സുരക്ഷിതമായ കളിസ്ഥലം ഇല്ലാത്തതിനാൽ ഇവിടെയെത്തുന്ന കുട്ടികൾ അങ്കണവാടിയുടെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടേണ്ട അവസ്ഥയിലാണ്. നീർത്തട സംരക്ഷണ നിയമങ്ങളുടെ സാങ്കേതികത്വം പറഞ്ഞാണ് യാതൊരു പ്രയോജനവുമില്ലാതെ കിടക്കുന്ന ഈ ചെറിയ ഭൂമി അങ്ങനെ തന്നെ നിലനിർത്തിയിരിക്കുന്നതെങ്കിലും നിലവിൽ ഇതൊരു മലിനജല കേന്ദ്രമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം സ്ഥാപിച്ച ആസ്ബെസ്റ്റോസ് ഷീറ്റുകൾക്ക് മുകളിലൂടെ വീണ്ടും കാട് പടർന്നു കയറുന്നുണ്ട്. മഴ ശക്തമായാൽ കുളം കവിഞ്ഞൊഴുകി അങ്കണവാടിയുടെ മുറ്റം പൂർണമായും വെള്ളത്തിലാകുന്ന സാഹചര്യവുമുണ്ട്. ഇഴജന്തുക്കളുടെ ശല്യവും കെട്ടിക്കിടക്കുന്ന അഴുക്കുവെള്ളത്തിൽ നിന്നുള്ള രൂക്ഷമായ ദുർഗന്ധവും കൊതുക് ശല്യവും കാരണം ക്ലാസിനുള്ളിൽ ഇരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് കുരുന്നുകൾ.
കുട്ടികളുടെ സുരക്ഷ മുൻനിർത്തി പൊതു ആവശ്യങ്ങൾക്കായി ഇത്തരം ഭൂമികൾ വിനിയോഗിക്കാൻ നിയമത്തിൽ പ്രത്യേക വ്യവസ്ഥകളുണ്ട്. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള റവന്യൂ അധികാരികൾക്ക് പ്രത്യേക അപേക്ഷ നൽകി അങ്കണവാടിക്ക് പ്ലേ ഗ്രൗണ്ട് നിർമിക്കാൻ ഈ സ്ഥലം മാറ്റിയെടുക്കാൻ സാധിക്കുമെങ്കിലും ഇതിനുള്ള നടപടികൾ വേഗത്തിലാക്കാൻ അധികാരികൾ തയ്യാറാകുന്നില്ല. ഈ പൊതുസ്ഥലം വിട്ടുനൽകി കുട്ടികൾക്ക് സുരക്ഷിതമായി കളിക്കാനുള്ള കളിസ്ഥലമോ പാർക്കോ നിർമിക്കണമെന്നും, അങ്കണവാടിക്ക് ചുറ്റും ശക്തമായ മതിൽ കെട്ടി സുരക്ഷ പൂർണമായി ഉറപ്പാക്കാൻ പഞ്ചായത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.



