ദില്ലി: വിദേശ നാണയ വിനിമയചട്ടലംഘനം ആരോപിച്ച് എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത മലയാളി വ്യവസായി സിസി തമ്പിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡികാലവധി അവസാനിച്ചതിനെ തുടർന്നാണ് കോടതിയിൽ ഹാജരാക്കുനത്. തമ്പിയുടെ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിച്ചേക്കും. അസുഖ ബാധിതനായ തമ്പിക്ക് ജാമ്യം നൽകണമെന്നാണ് ആവശ്യം.

തമ്പിക്ക് അർബുദവും മൂത്രാശയ പ്രശ്നങ്ങളും ഉണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. 2019 ജൂൺ മുതൽ ഇതുവരെ, 60 മുതൽ 80 മണിക്കൂർ ചോദ്യം ചെയ്തതായും അഭിഭാഷകൻ പറഞ്ഞു. ഇതിന് പുറമെയാണ് ഇപ്പോൾ ആറ് ദിവസം ചോദ്യം ചെയ്തതെന്നും മാനുഷിക പരിഗണന നൽകണമെന്നും തമ്പിയുടെ അഭിഭാഷകൻ കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൂടുതൽ ചോദ്യംചെയ്യലിനായി തമ്പിയെ ഇഡി വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നാണ് വിവരം.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകന്‍ റോബർട്ട് വദ്രയുടെ ബിനാമി ഇടപാടുകളെക്കുറിച്ച് തമ്പിയുടെ പക്കൽ വിവരങ്ങളുണ്ടെന്നാണ് ഇഡിയുടെ വാദം. തമ്പി പിടിയിലായതോടെ വദ്രയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം എൻഫോഴ്സ്മെന്റ് ശക്തമാക്കിയതായുള്ള അഭ്യൂഹവും ഉയരുന്നുണ്ട്.