പ്രതികളെ അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്നും ബിപിസിഎല്‍ ഡ്രൈവര്‍മാര്‍ വ്യക്തമാക്കി. ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ ബിപിസിഎല്ലിലെ എല്‍പിജി ബോട്ടിലിങ് പ്ലാന്‍റിലെ ഡ്രൈവര്‍മാരാണ് പണിമുടക്കുന്നത്. 

കൊച്ചി: കൊച്ചി ബിപിസിഎൽ പാചകവാതക പ്ലാന്‍റിലെ കരാർ ഡ്രൈവർക്ക് സിഐടിയു കയറ്റിറക്കി തൊഴിലാളികളുടെ ക്രൂരമർദ്ദനം. തൃശ്ശൂർ കൊടകര ശ്രീമോൻ ഏജൻസിയിൽ ലോഡിറക്കാനെത്തിയപ്പോഴായിരുന്നു 20 രൂപ കുറഞ്ഞെന്നാരോപിച്ച് മർദ്ദിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് കൊച്ചി ബിപിസിഎല്‍ പാചക വാതക പ്ലാന്‍റിലെ ഡ്രൈവർമാർ പണിമുടക്കിയതോടെ 7 ജില്ലകളിലേക്കുള്ള പാചകവാതക വിതരണം നിലച്ചു. ഇതിനിടെ, മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ഇന്നലെ ഉച്ചയോടെയാണ് അമ്പലമുകളിലെ ബിപിസിഎൽ യൂണിറ്റിൽ നിന്ന് പാചകവാതക സിലിണ്ടറുമായി കാലടി സ്വദേശി ശ്രീകുമാർ കൊടകര ശ്രീമോൻ ഏജൻസിയിലെത്തിയത്. ലോഡിറക്കാൻ കരാർ പ്രകാരമുള്ള തുകയേക്കാൾ 20 രൂപ കൂടുതൽ ആവശ്യപ്പെട്ടാണ് വാക്തർക്കമുണ്ടായത്. തുടര്‍ന്ന് രണ്ട് കയറ്റിറക്ക് തൊഴിലാളികള്‍ ചേര്‍ന്ന് ശ്രീകുമാറിനെ മര്‍ദിക്കുകയായിരുന്നു. ഡ്രൈവറുടെ കഴുത്തില്‍ പിടിച്ചുകൊണ്ട് മുഖത്ത് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ഒരാള്‍ ശ്രീകുമാറിനെ പിടിച്ചുവെക്കുകയും മറ്റൊരാള്‍ മര്‍ദനം തുടരുന്നതും ദൃശ്യത്തില്‍ കാണാം. മര്‍ദിക്കുന്നത് തടയാൻ സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരൻ ശ്രമിക്കുന്നുണ്ടെങ്കിലും അടിയേറ്റ ശ്രീകുമാര്‍ താഴെ വീഴുകയായിരുന്നു. മുഖത്തും ശരീരത്തിന്‍റെ മറ്റുഭാഗങ്ങളിലും ശക്തമായി അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ശ്രീകുമാര്‍ താഴെ വീണശേഷവും മര്‍ദിക്കാൻ ഒരുങ്ങിയെങ്കിലും സ്വകാര്യ ഏജൻസിയിലെ ജീവനക്കാരൻ സിഐടിയു കയറ്റിറക്ക് തൊഴിലാളികളെ പിടിച്ചുമാറ്റുകയായിരുന്നു.


എസ്ടിഎം ട്രാൻസ്പോർട്ടേഴ്സിലെ കരാർ ഡ്രൈവറാണ് മർദ്ദനമേറ്റ ശ്രീകുമാർ. ശ്രീകുമാറിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി മടക്കി അയച്ചെങ്കിലും രാത്രിയോടെ കൂടുതൽ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഡ്രൈവർമാർ മിന്നൽ സമരം തുടങ്ങിയത്. നിലവിൽ 7 ജില്ലകളിലേക്കുള്ള പാചക വാതക വിതരണം നിലച്ചിട്ടുണ്ട്. സമരം ചെയ്യുന്നവരുമായി ബിപിസിഎൽ മാനേജ്മെന്‍റും കോൺട്രാക്ടർമാരും ചർച്ച തുടരുകയാണ്.

മൂവാറ്റുപുഴയിൽ 9 പേര്‍ക്ക് നായയുടെ കടിയേറ്റ സംഭവത്തില്‍ വഴിത്തിരിവ്; ആക്രമിച്ചത് വളര്‍ത്തു നായയെന്ന് നഗരസഭ

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates