Asianet News MalayalamAsianet News Malayalam

തിരുവല്ലത്ത് വീട്ടുമുറ്റത്തിട്ട് ഭാര്യയെ ഭര്‍ത്താവ് കൊല്ലുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ആദ്യ ഭാര്യയിലെ മക്കൾ, ജഗദമ്മയെ കാണാനായി  വീട്ടിൽ വരുന്നത് സംബന്ധിച്ച് ബാലാനന്ദൻ ജഗദമ്മയുമായി വഴക്കുണ്ടായതായി പ്രദേശവാസികള്‍ പറയുന്നു. 

CCTV footage of husband killing his wife is out
Author
First Published Dec 24, 2022, 2:53 PM IST


തിരുവനന്തപുരം: തിരുവല്ലത്ത് കുടുംബ വഴക്കിനെ തുടർന്ന് 82 കാരിയെ ഭർത്താവ് കുത്തിക്കൊന്ന സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. തിരുവല്ലം പുഞ്ചക്കരി തിരുവഴിമുക്ക് സൗമ്യ കോട്ടേജിൽ ടി സി ജഗദമ്മ (82) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവായ ബാലാനന്ദനെ (87) തിരുവല്ലം പൊലീസ് പിടികൂടിയിരുന്നു. മീൻവെട്ടുന്ന കത്തികൊണ്ട് ആണ് ബാലാനന്ദൻ ഭാര്യയെ കുത്തികൊന്നത്. വീടിന് മുറ്റത്ത് വെച്ച് ജഗദമ്മയെ പ്രതി പല തവണ കത്തി കൊണ്ട് കുത്തുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പ്രതിയുടെ രണ്ടാം ഭാര്യയാണ് ജഗദമ്മ. 

വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ആദ്യ ഭാര്യയിലെ മക്കൾ, ജഗദമ്മയെ കാണാനായി  വീട്ടിൽ വരുന്നത് സംബന്ധിച്ച് ബാലാനന്ദൻ ജഗദമ്മയുമായി വഴക്കുണ്ടായതായി പ്രദേശവാസികള്‍ പറയുന്നു. ഇത് സംബന്ധിച്ച തര്‍ക്കത്തെ തുടർന്ന് ബാലാനന്ദന്‍ വീടിന്‍റെ രണ്ടാം നിലയിലുളള കിടപ്പുമുറിയിലെ ജനാലകൾ അടിച്ച് തകർത്തിരുന്നു. ഇതിന് പിന്നാലെ മുറിയിൽ കയറിയ ഇയാൾ മൂന്നരമണിയോടെ മീൻ വെട്ടുന്ന കത്തിയുമായി പുറത്തിറങ്ങി. ഈ സമയം വീട്ടുമുറ്റത്ത് അയല്‍വാസികളുമായി സംസാരിച്ചു നിക്കുകയായിരുന്ന ജഗദമ്മയെ ബാലാനന്ദന്‍ വയറിലും മുതുകിലും കുത്തി പരിക്കേൽപ്പിക്കുകയായിരുരുന്നു. കുത്തേറ്റ് നിലവിളിച്ച് കൊണ്ട് തറയിൽ വീണ ജഗദമ്മയെ ഇയാൾ വീണ്ടും കഴുത്തിലും ശരീരത്തിലും കുത്തുന്ന ദൃശ്യങ്ങൾ ആണ് പുറത്ത് വന്നിരിക്കുന്നത്. 

ജഗദമ്മയ്ക്ക് ഒപ്പം സംസാരിച്ചു നിന്നവരുടെ നിലവിളി കേട്ടെത്തിയ അയൽവാസികൾ കുത്തേറ്റ് കിടക്കുന്ന ജഗദമ്മയെ രക്ഷിക്കാൻ ശ്രമിക്കവേ പ്രതി ഇവരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നതും കാണാം. ഇതോടെ ഇവർ ബലപ്രയോഗത്തിലൂടെ ബാലാനന്ദനെ പിടിച്ച് മാറ്റുകയായിരുന്നു. തുടര്‍ന്ന്  തിരുവല്ലം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കുത്തേറ്റ് രക്തം വാർന്ന് കിടന്ന ജഗദമ്മയെ വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ബാലാനന്ദനെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ആദ്യ ഭാര്യ കമലമ്മ രണ്ട് വർഷം മുമ്പ് മരിച്ചിരുന്നു. ഇവരുടെ മക്കൾ രണ്ടാനമ്മായ ജഗദമ്മയെ കാണാനെത്തുന്നത് ബാലാനന്ദന് ഇഷ്ടമല്ലായിരുന്നതായും ഇതേ ചൊല്ലി പലപ്പോഴും ജഗദമ്മയുമായി പ്രതി വഴക്കുണ്ടാക്കിയിരുന്നതായും സമീപവാസികളും ബന്ധുക്കളും പറയുന്നു. 
 

Follow Us:
Download App:
  • android
  • ios