പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന്
പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന്. 5 പൊലീസുകാര്‍ ചേര്‍ന്ന് രാഹുലിനെ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പോകുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. 2002ാം നമ്പര്‍ മുറിയിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. വനിത പൊലീസ് ഉദ്യോഗസ്ഥ ഉള്‍പ്പെടെയാണ് രാഹുലിനെ കസ്റ്റഡിയിലെടുക്കാനെത്തിയത്.
പാലക്കാട് നിന്നുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. വെറും 15 മിനിറ്റിനുള്ളിൽ നടപടികള്‍ പൂര്‍ത്തിയാക്കി രാഹുലിനെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ഹോട്ടലിലെ സിസിടിവി ഡിവിആര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 2002 റൂമിന്‍റെ രണ്ട് താക്കോലുകളും പൊലീസിന്‍റെ കൈവശമാണുള്ളത്. ഈ മുറി പൊലീസ് നിരീക്ഷണത്തിലാണ്. രാഹുലിന്‍റെ ലാപ്ടോപ്പും മൊബൈലുമുള്‍പ്പടെ വ്യക്തിപരമായ വസ്തുക്കളെല്ലം ഈ മുറിയിലാണുള്ളത്.
രണ്ട് വാഹനങ്ങളിലായി 8 പൊലീസുകാരാണ് ഹോട്ടലിലേക്ക് എത്തിയത്. ഒരു വാഹനം ഹോട്ടലിന് പുറത്തുനിര്‍ത്തി രണ്ടാമത്തെ വാഹനം അകത്തേക്ക് കയറി. തുടര്‍ന്ന് ഒന്നാം നിലയിലെ മുറിയിലേക്ക് ഉദ്യോഗസ്ഥര്‍ എത്തിയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്.

