Asianet News MalayalamAsianet News Malayalam

കാനത്തിനെതിരെ പോസ്റ്ററൊട്ടിച്ചവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

രാത്രി ഒരു മണിയോടെയാണ് കാറിൽ എത്തിയ നാലംഗ സംഘം പോസ്റ്റർ ഒട്ടിച്ചത്. ആരാണ് പോസ്റ്ററൊട്ടിച്ചതെന്ന് ഇനിയും തിരിച്ചറിയാനായിട്ടില്ല. 

cctv visuals of the people who put posters against kanam is out
Author
Alappuzha, First Published Jul 26, 2019, 11:12 PM IST

ആലപ്പുഴ: ആലപ്പുഴയിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ച സംഘത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. രാത്രി ഒരു മണിയോടെയാണ് കാറിൽ എത്തിയ നാലംഗ സംഘം പോസ്റ്റർ ഒട്ടിച്ചത്. സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിന്‍റെ മതിലിലും രണ്ടു മാധ്യമസ്ഥാപനങ്ങൾക്ക് മുന്നിലുമാണ് പോസ്റ്റർ പതിച്ചത്. 

പോസ്റ്ററൊട്ടിച്ച ആളുകളെ തിരിച്ചറിഞ്ഞിട്ടില്ല. ആദ്യം ഒരാൾ വന്ന് പോസ്റ്ററൊട്ടിച്ചു. അതിന് പിന്നാലെ മറ്റ് മൂന്ന് പേരും വാഹനത്തിൽ നിന്ന പോസ്റ്ററുകളെടുത്ത് കൊണ്ടുവന്ന് മതിലിൽ ഒട്ടിക്കുന്നതാണ് സിസിടിവിയിൽ പതിഞ്ഞിരിക്കുന്നത്. 

എന്നാൽ സംഭവം മാധ്യമ ഗൂഢാലോചനയാണെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പ്രതികരിച്ചു. അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറി എസ്‍പിക്ക് പരാതി നൽകി. ഇതോടൊപ്പം പാർട്ടിയും അന്വേഷണവും തുടങ്ങിയിട്ടുണ്ട്. 

പുലർച്ചെ ആളുകളെത്തിയപ്പോൾ ഈ പോസ്റ്ററുകൾ നീക്കി. ''കാനത്തെ മാറ്റൂ, സിപിഐയെ രക്ഷിക്കൂ'' എന്നാണ് പോസ്റ്ററിൽ പറയുന്നത്. എന്നാൽ സിപിഐക്കാരാരും തനിക്കെതിരെ പോസ്റ്ററൊട്ടിക്കില്ലെന്നായിരുന്നു കാനത്തിന്‍റെ മറുപടി. 

എറണാകുളം ലാത്തിച്ചാർജിന് പിന്നാലെ സിപിഐയിൽ വിഭാഗീയത രൂക്ഷമായ സാഹചര്യത്തിലാണ് പോസ്റ്ററുകളും പ്രത്യക്ഷപ്പെടുന്നത്. പാർട്ടി എറണാകുളം ജില്ലാ എക്സിക്യൂട്ടീവിൽ സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു. മുൻ എംപിയും തൃശ്ശൂർ ജില്ലാ സെക്രട്ടറിയുമായ സി എൻ ജയദേവൻ കാനത്തിന്‍റെ നിലപാടുകളെ പരസ്യമായി തളളി രംഗത്തെത്തി. കടുത്ത വിമർശനം മുന്നിൽക്കണ്ട കാനം രാജേന്ദ്രൻ സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവിൽ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു.

Follow Us:
Download App:
  • android
  • ios