Asianet News MalayalamAsianet News Malayalam

കൊച്ചി ലഹരിമരുന്ന് കേസിൽ അടിമുടി അട്ടിമറി; യുവതി ലഹരിമരുന്ന് ഒളിപ്പിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്

കാക്കനാട്ടെ സ്വകാര്യ ഹോട്ടലിൽ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗവും, എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്വാകഡും പരിശോധനയ്ക്ക് എത്തിപ്പോഴാണ് രണ്ട് യുവതികൾ മുറയിൽ നിന്ന് കവറുമായി പുറത്തേക്ക് ഓടുന്നത്.  

cctv visuals reveal foul play in kochi mdma case
Author
Kochi, First Published Aug 25, 2021, 1:00 PM IST

കൊച്ചി: കൊച്ചിയില്‍ പതിനൊന്ന് കോടിയുടെ മയക്കുമരുന്ന് പിടികൂടിയ കേസിൽ അടിമുടി അട്ടിമറി. എക്സൈസ് അറസ്റ്റ് ചെയ്യാതെ ചെയ്യാതെ വിട്ടയച്ച യുവതി ലഹരിമരുന്ന് ഒളിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. കസ്റ്റംസ്, എക്സൈസ് സംയുക്ത പരിശോധനയ്ക്ക് മുൻപായിരുന്നു സംഭവം. പരിശോധനയിൽ കണ്ടെത്തിയ മാൻ കൊമ്പും അപ്രത്യക്ഷമായി. ഉദ്യോഗസ്ഥർ കേസ് അട്ടിമറിച്ചെന്ന് ആരോപണം അന്വഷിക്കാൻ എക്സൈസ് അഡീഷണൽ കമ്മീഷണറെ ചുമതലപ്പെടുത്തി.

രാജ്യാന്തരബന്ധങ്ങളുള്ള മയക്കുമരുന്ന് കേസിൽ എക്സൈസ് സംഘം അറസ്റ്റ് ചെയ്യാതെ വിട്ടയച്ച പ്രതികൾക്ക് സംഭവത്തിൽ ഉള്ള പങ്ക് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കാക്കനാട്ടെ സ്വകാര്യ ഹോട്ടലിൽ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗവും, എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്വാകഡും പരിശോധനയ്ക്ക് എത്തിപ്പോഴാണ് രണ്ട് യുവതികൾ മുറയിൽ നിന്ന് കവറുമായി പുറത്തേക്ക് ഓടുന്നത്.  

കവർ കയ്യിലെടുത്ത് പോകുന്നത് അറസ്റ്റിലായ ഷബ്നയാണ്, കൂടെയുള്ളത് എക്സൈസ് ചോദ്യം ചെയ്യുകപോലും ചെയ്യാതെ വിട്ടയച്ച അമ്പലപ്പുഴ സ്വദേശി. 

റെയ്ഡിനെത്തിയ സംഘത്തിന് ലഭിച്ച് 84 ഗ്രാം എംഡിഎംഎ മാത്രം. പ്രതികൾ ഒളിപ്പിച്ച 1 കിലോ എംഡിഎംഎ യ്ക്ക് പ്രതിയുമില്ല, സാക്ഷിയുമില്ല. ഈ ദൃശ്യങ്ങൾ കൈവശമുള്ളപ്പോഴാണ് എക്സൈസ് സ്പഷ്യൽ സ്ക്വാഡ് ആരോ വഴിപോക്കൻ പറഞ്ഞത് പ്രകാരം നടത്തിയ റെയ്ഡിൽ കാർ പോർച്ചിൽ നിന്ന് മയക്ക് മരുന്ന് കണ്ടെത്തിയതെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചത്. 

സംയുക്ത റെയ്ഡിനിടെ പ്രതികളിൽ ഒരാളായ ഷ്ബനയുടെ ബാഗിൽ നിന്ന് മാൻ കൊമ്പ് കണ്ടെത്തി. ഇത് എക്സൈസ് ജില്ലാ ടീമിന് മയക്കുമരുന്നിനൊപ്പം കൈമാറി. എന്നാൽ പിന്നീട് മഹസറിലോ, എഫ്ഐആറിലോ ഇതേകുറിച്ച് മിണ്ടാട്ടമില്ല. ആവിയായ ആ മാൻ കൊമ്പ് എവിടേക്ക് മാറ്റി എന്നതിൽ ഉത്തരമില്ല. 

പുറത്ത് വന്ന പുതിയ വിവരങ്ങൾ പരിശോധിക്കുമെന്നും, കർശനമായ നടപടി  സ്വീകരിക്കാൻ എക്സൈസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി എം വി ഗോവിന്ദൻ പ്രതികരിച്ചു. 

Follow Us:
Download App:
  • android
  • ios