കോഴിക്കോട്: കാലം മാറുന്നതിനനുസരിച്ച് ശ്മശാനങ്ങളെക്കുറിച്ചുളള സങ്കല്‍പങ്ങളും മാറുകയാണ്. കോഴിക്കോട് പുതുപ്പാടി പഞ്ചായത്ത് നിര്‍മിച്ച പൊതുശ്മശാനം കണ്ടുപഴകിയ കാഴ്ചകളില്‍ നിന്നെല്ലാം വ്യത്യസ്തമാണ്.

വരകളും വർണ്ണങ്ങളും നിറഞ്ഞ ചുറ്റുമതിൽ, മനോഹരമായ പ്രവേശന കവാടം,  പൂക്കൾ നിറഞ്ഞ ഉദ്യാനം, വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ, സംഗീതം നിറഞ്ഞ അന്തരീക്ഷം, ഇത് പുതുപ്പാടി കാരക്കുന്നിലെ ശ്മശാനം. ശവപ്പറമ്പുകളെക്കുറിച്ചുള്ള സങ്കൽപ്പം മാറ്റിമറിച്ചയിടം. 

രണ്ടേക്കറോളം  വരുന്ന ഭൂമിയിൽ ഗ്യാസ് ക്രിമറ്റോറിയം യാഥാർത്യമായപ്പോൾ പുതുപ്പാടിക്കാർക്കും ആശ്വാസം. കുറഞ്ഞ ഭൂമിയിൽ വീട് കെട്ടി താമസിച്ചിരുന്നവർക്ക് മരിച്ചവരെ അടക്കം ചെയ്യുകയെന്നത് ഇക്കാലമത്രയും പ്രതിസന്ധിയായിരുന്നു.

മരണാനന്തര ചടങ്ങുകൾക്കുള്ള സൗകര്യവും സംസ്കരിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ സൂക്ഷിക്കാനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.  കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതും പരിഗണനയിലുണ്ട്. ഒരു കോടിയലിധികം രൂപ ചെലവിട്ടാണ് പുതുപ്പാടി പഞ്ചായത്ത് ശ്മശാനം നിർമ്മിച്ചത്.