ദില്ലി: അയോധ്യകേസിലെ വരും ദിവസങ്ങളിലൊന്നില്‍ വിധി പ്രസ്താവം ഉണ്ടാവുമെന്ന സൂചനകള്‍ക്കിടെ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. അയോധ്യ കേസില്‍ വിധി വരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അനിഷ്ടസംഭവങ്ങളും സാമുദായിക സംഘര്‍ഷങ്ങളും തടയാന്‍ കര്‍ശന നിരീക്ഷണം വേണമെന്നും കേന്ദ്ര അഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും ആവശ്യപ്പെട്ടു. 

അയോധ്യവിധിക്ക് മുന്നോടിയായി സമ്പൂര്‍ണ മന്ത്രിസഭായോഗം വിളിച്ചു ചേര്‍ത്ത പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യ വിഷയത്തില്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തരുതെന്ന് മന്ത്രിമാരോട് നിര്‍ദേശിച്ചു. മതസൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്നും ഇക്കാര്യത്തില്‍ മന്ത്രിമാർക്ക് കൂടുതൽ ഉത്തരവാദിത്വമുണ്ടെന്നും കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. വിധിയെക്കുറിച്ച് സർക്കാർ കൂട്ടായി ആലോചിച്ച് പ്രതികരിക്കും. വ്യക്തിപരമായ പ്രസ്താവനകൾ മന്ത്രിമാർ നടത്തരുത്. ഈ നിർദ്ദേശമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാരുടെ യോഗത്തില്‍ നല്‍കിയത്. 

വിധി അനുകൂലമായാല്‍ ആഘോഷങ്ങള്‍ പാടില്ലെന്ന് വിശ്വഹിന്ദു പരിക്ഷത്തും തങ്ങളുടെ അണികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീംകോടതി വിധിയെ ബഹുമാനിക്കുമെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് പ്രസ്താവനയിലൂടെ അറിയിച്ചു. അയോധ്യ കേസിലെ വിധി എന്തായാലും സമൂഹത്തിലെ ഐക്യ തകർക്കാൻ ആരെയും അനുവദിക്കരുതെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. 
 
അയോധ്യ വിധിയില്‍ അനാവശ്യ പ്രസ്താവന പാടില്ലെന്ന് ബിജെപി അധ്യക്ഷനും അഭ്യന്തരമന്ത്രിയുമായ അമിത് ഷായും വര്‍ക്കിംഗ് പ്രസിഡന്‍റ് ജെപി നഡ്ഡയും നിര്‍ദേശം നല്‍കിയിരുന്നു. പ്രധാനമന്ത്രിയും പാര്‍ട്ടി നേതൃത്വവും വിധിയോട് പ്രതികരിക്കുന്നത് വരെ കാത്തിരിക്കുക എന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. 

വിധി അനുകൂലമായാൽ ആഘോഷം പാടില്ലെന്നും മധുരം വിതരണം ചെയ്യരുതെന്നും വിശ്വഹിന്ദു പരിഷത്ത് നിർദ്ദേശിച്ചു. വിധി എന്തായാലും ബഹുമാനിക്കുമെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ് പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ വിധി വരും മുമ്പ് തന്നെ അതെന്താവും എന്ന് പ്രവചിച്ച് ചിലർ അഭിപ്രായം പറയുന്നത് അവസാനിപ്പിക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടു. വിധി വരുന്ന പശ്ചാത്തലത്തില്‍ അയോധ്യയിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് യുപി പൊലീസ്. ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലെയും സമാധാന സമിതികൾ ശക്തിപ്പെടുത്താനും യോഗി ആദിത്യനാഥ് സർക്കാർ തീരുമാനിച്ചു.