Asianet News MalayalamAsianet News Malayalam

'സില്‍വര്‍ലൈന് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ല'; ഹൈക്കോടതിയില്‍ നിലപാട് അറിയിച്ച് കേന്ദ്രം

സർവേയുടെ പേരിൽ റെയിൽവേ ഭൂമിയിൽ കല്ലിടരുതെന്ന് രേഖാമൂലം നിർദേശം നൽകിയിരുന്നെന്നും കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചു.

Central government has told the high court that it has not given financial sanction for the silver line project
Author
Kochi, First Published Apr 8, 2022, 5:09 PM IST

കൊച്ചി: സിൽവർലൈൻ പദ്ധതിയ്ക്ക് (Silver Line Project) സാമ്പത്തിക അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ (High Court). സാമൂഹികാഘാത പഠനത്തിനായി സംസ്ഥാന സർക്കാർ റെയിൽവേയെ സമീപിച്ചിട്ടില്ലെന്നാണ് കേന്ദ്രം പറയുന്നത്. സർവേയുടെ പേരിൽ റെയിൽവേ ഭൂമിയിൽ കല്ലിടരുതെന്ന് രേഖാമൂലം നിർദേശം നൽകിയിരുന്നെന്നും കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചു. സര്‍വേ നടക്കുന്ന ഭൂമിയ്ക്ക് വായ്പ ലഭ്യമാകുന്നതിൽ പ്രശ്നങ്ങളില്ലെന്ന് സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചു. കെ റെയിൽ കല്ലിടലിനെതിരായ ഹർജികൾ ഹൈക്കോടതി വേനലവധിയ്ക്ക് ശേഷം പരിഗണിക്കും.

സിൽവർലൈന്‍ പദ്ധതിയിൽ സർക്കാരിനോട് ഹൈക്കോടതി നേരത്തെ വ്യക്തത തേടിയിരുന്നു.നാല് കാര്യങ്ങളിൽ വ്യക്തത വേണമെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. സിൽവർലൈൻ പദ്ധതിയ്ക്കായി സാമൂഹികാഘാത പഠനം നടത്താൻ  കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ടോ, സർവ്വേയ്ക്കായി സ്ഥാപിക്കുന്ന കല്ലുകളുടെ വലുപ്പം സർവ്വേസ് ആന്‍റ് ബൗണ്ടറീസ് ആക്ടിൽ  വ്യക്തമാക്കിയ അളവിലുള്ളതാണോ, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലൂടെ നിർദ്ദിഷ്ട പാത കടന്നുപോകുന്നുണ്ടോ, കേന്ദ്ര സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടത്. സാമൂഹികാഘാത പഠനത്തിന്‍റെ പേരിൽ ജനത്തെ ഭയപ്പെടുത്തുകയാണ്. സർവ്വേയുടെ പേരിൽ വലിയ കല്ലുകൾ സ്ഥാപിക്കുന്നതാണ് പ്രശ്നം. ഇത്തരം കല്ലുകൾ കണ്ടാൽ ഭൂമിയ്ക്ക് ലോൺ നൽകാൻ ബാങ്കുകൾ മടിക്കില്ലേ എന്നും കോടതി ആരാഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios