യുഎഇ അധികൃതരുമായി കേന്ദ്രം ബന്ധപ്പെട്ടു. രോഗി അസുഖവിവരം അധികൃതരെ അറിയിക്കാത്തത് ഗുരുതര വീഴ്ചയെന്നാണ് കേന്ദ്രത്തിന്‍റെ പ്രതികരണം.
ദില്ലി: തൃശ്ശൂരില്‍ മങ്കിപോക്സ് ബാധിച്ച് മരിച്ച യുവാവിന് യുഎയില്‍ നിന്ന് വിമാനയാത്രാനുമതി ലഭിച്ചതെങ്ങനയെന്ന് അന്വേഷിച്ച് കേന്ദ്രം. യുഎഇ അധികൃതരുമായി കേന്ദ്രം ബന്ധപ്പെട്ടു. രോഗി അസുഖവിവരം അധികൃതരെ അറിയിക്കാത്തത് ഗുരുതര വീഴ്ചയെന്നാണ് കേന്ദ്രത്തിന്‍റെ പ്രതികരണം. രാജ്യത്തെ ആദ്യ മങ്കി പോക്സ് മരണത്തില്‍ ജാഗ്രതയിലാണ് കേന്ദ്രം. വ്യാപനം നിരീക്ഷിക്കാനും രോഗ നിർണയത്തിൽ കേന്ദ്രത്തിന് മാർഗനിർദേശം നൽകാനും ദൗത്യ സംഘത്തെ നിയോഗിച്ചു. രാജ്യത്ത് മങ്കിപോക്‌സിനുള്ള പരിശോധനാ സൗകര്യങ്ങൾ കൂട്ടാനുള്ള നീക്കവും ആരോഗ്യമന്ത്രാലയം തുടങ്ങി.
കേരളത്തിലെ മങ്കിപോക്സ് ബാധിതരായ രണ്ട് പേരുടെ സ്രവസാമ്പിള്‍ പരിശോധിച്ചതില്‍ എ.2 വകഭദമാണ് സ്ഥിരീകരിച്ചത്. യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്ത ബി വണ്‍ വകഭേദത്തേക്കാള്‍ തീവ്രത കുറവാണെന്ന കണ്ടെത്തല്‍ ഏറെ ആശ്വാസകരമായിരുന്നു. എന്നാല്‍ തൃശ്ശൂരില്‍ മരണം സ്ഥിരീകരിച്ചതോടെ ആരോഗ്യമന്ത്രാലയം കൂടുതല്‍ ജാഗ്രതയിലേക്ക് നീങ്ങുകയാണ്. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതടക്കം വി കെ പോൾ തലവനായ ദൗത്യ സംഘത്തില്‍ ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ഭാഗമാകും.
രാജ്യത്ത് ഐസിഎംആറിന് കീഴിലെ 15 ലാബുകളിലാണ് നിലവിൽ മങ്കിപോക്‌സ് പരിശോധന നടത്തുന്നത്. ഇത് കൂട്ടുന്നതിനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട് കേന്ദ്രം. മങ്കിപോക്‌സ് നിർണയിക്കുന്നതിനുള്ള പരിശോധന കിറ്റും മങ്കിപോക്സ് പ്രതിരോധിക്കാനുള്ള വാക്സീനും വികസിപ്പിക്കാനുള്ള താത്പര്യപത്രം നേരത്തെ ഐസിഎംആർ ക്ഷണിച്ചിരുന്നു. ഈ മാസം പത്തിനകം താൽപര്യപ്പത്രം സമർപ്പിക്കാനാണ് നിർദ്ദേശം. നിലവിൽ രാജ്യത്ത് നാലുപേർക്കാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. രോഗവ്യാപനത്തിന്‍റെ തോത് കണക്കിലെടുത്താകും തുടർ നടപടികൾ.
തൃശൂരില്‍ മരിച്ച യുവാവിന് മങ്കിപോക്സെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന 20പേർക്കും രോഗ ലക്ഷണങ്ങളില്ല. ഇവരെ നിരീക്ഷിക്കാൻ ആശാ വർക്കർമാരുടെയും, തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടേയും പ്രത്യേക ടീം തയ്യാറാക്കിയിട്ടുണ്ട്. ഹഫീസിന്‍റെ വീടിരിക്കുന്ന പുന്നയൂർ പഞ്ചായത്തിലെ കുരഞ്ഞിയൂർ വാർഡും, ആറാം വാർഡിലുമാണ് ജാഗ്രതാ നിർദേശം. സമ്പർക്കത്തിലേർപ്പെട്ടവർ മങ്കിപോക്സിന്‍റെ ലക്ഷണങ്ങൾ കാണിക്കുന്നെങ്കിൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്ന് ഡിഎംഒ അറിയിച്ചു.
