പുതുക്കിയ എസ്റ്റിമേറ്റ് കിട്ടിയ ശേഷമേ ശബരി റെയില്‍ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുകയുള്ളുവെന്ന് മന്ത്രി വ്യക്തമാക്കി

ദില്ലി: ശബരി റെയില്‍ പദ്ധതി (sabari rail project) അനന്തമായി നീളുന്നതിൽ കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് (central railway minister). പാര്‍ലമെന്‍റിൽ ശബരി റെയില്‍ പദ്ധതി സംബന്ധിച്ചുയർന്ന ചോദ്യത്തിലാണ് കേന്ദ്രമന്ത്രി കേരളത്തെ കുറ്റപ്പെടുത്തിയത്. പദ്ധതി അനിശ്ചിതമായി നീളുന്നത് കേരളത്തിന്‍റെ താല്‍പര്യ കുറവ് മൂലമാണെന്നായിരുന്നു അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യത്തിന് അശ്വിനി വൈഷ്ണവ് (ashwini vaishnaw) മറുപടി നല്‍കിയത്. 116 കിലോമീറ്റര്‍ പദ്ധതിയില്‍ എഴുപത് കിലോമീറ്ററിന്‍റെ എസ്റ്റിമേറ്റ് മാത്രമേ കേരള റയില്‍ ഡവലപ്മെന്‍റ് കേര്‍പ്പറേഷന്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടൂള്ളൂവെന്നും റയില്‍വേമന്ത്രി പാര്‍ലമെന്‍റിനെ അറിയിച്ചു. പുതുക്കിയ എസ്റ്റിമേറ്റ് കിട്ടിയ ശേഷമേ ശബരി റെയില്‍ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.

ശബരി റെയിൽ പാത സംബന്ധിച്ച് കേരളത്തിൻറെ ഉപാധികളോട് ഇക്കയിഞ്ഞ ഫെബ്രുവരിയിലും കേന്ദ്രസ‍ർക്കാ‍ർ വിയോജിപ്പ് അറിയിച്ചിരുന്നു. പദ്ധതിക്ക് 2815 കോടി രൂപ ചെലവുണ്ടാകുമെന്നാണ് അന്ന് റെയിൽമന്ത്രിയായിരുന്ന പിയൂഷ് ഗോയൽ ലോക്സഭയെ രേഖാമൂലം അറിയിച്ചത്. 1997-98 ൽ പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ചെലവ് 517 കോടി രൂപയായിരുന്നു. ഇതാണ് വർഷങ്ങള്‍ നീണ്ടപ്പോൾ 2815 കോടി രൂപയായി ഉയർന്നത്.

1997-98 ലെ റെയില്‍വെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് എരുമേലി വഴിയുള്ള ശബരിപാത. ശബരിമല ദര്‍ശനത്തിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യവും സംസ്ഥാനത്തിന്‍റെ തെക്കുകിഴക്ക് ഭാഗങ്ങളുടെ വികസനവും മുന്നില്‍ കണ്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. റെയില്‍പാതയുടെ മൊത്തം ചെലവിന്‍റെ (2815 കോടി രൂപ) അമ്പതു ശതമാനം സംസ്ഥാനം ഏറ്റെടുക്കാമെന്ന് മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിനായി കിഫ്ബി മുഖേന പണം ലഭ്യമാക്കാനും സംസ്ഥാനസർക്കാർ തീരുമാനിച്ചിട്ടുണ്ട്. പദ്ധതി യാഥാർത്ഥ്യമായാൽ ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതിക്ക് ശേഷം സംസ്ഥാനത്ത് നടപ്പാക്കപ്പെടുന്ന വൻകിട വികസനപദ്ധതികളിലൊന്നായിരിക്കും ഇത്.

അങ്കമാലി- ശബരി പാതയിൽ കേരളത്തോട് വിയോജിച്ച് കേന്ദ്രം; പുതിയ ഉപാധികൾ മുമ്പത്തേതിൽ നിന്ന് വ്യത്യസ്തം

അങ്കമാലി- ശബരി പാത കൊല്ലം ജില്ലയിലെ പുനലൂര്‍ വരെ ദീര്‍ഘിപ്പിക്കുകയാണെങ്കില്‍ ഭാവിയില്‍ തമിഴ് നാട്ടിലേക്ക് നീട്ടാന്‍ കഴിയും എന്ന അഭിപ്രായവും ഉണ്ട്. ഈ സാധ്യതയും സര്‍ക്കാര്‍ കണക്കിലെടുത്തിരുന്നു. ദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയില്‍ റെയില്‍വെയുടെ ചെലവില്‍ തന്നെ പദ്ധതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. ചെലവിന്‍റെ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാനം തയ്യാറാകണമെന്ന നിലപാടില്‍ റെയില്‍വെ ഉറച്ചുനിന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ചെലവിന്‍റെ പകുതി വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

ശബരി പാത യാഥാർത്ഥ്യമാകുന്നു, ചെലവിന്‍റെ പകുതി സംസ്ഥാനം വഹിക്കും, പണം കിഫ്ബി വഴി

അങ്കമാലി- ശബരി പാതയുടെ നടത്തിപ്പും പരിപാലനവും റെയില്‍വെ മന്ത്രാലയം തന്നെ നിര്‍വഹിക്കണം. പാതയില്‍ ഉള്‍പ്പെടുന്ന സ്റ്റേഷനുകളുടെ വികസനം പൊതു-സ്വകാര്യ പങ്കാളിത്തമുള്ള പ്രത്യേക കമ്പനി വഴി നടപ്പാക്കണം. ഇതുവഴി ലഭിക്കുന്ന വരുമാനത്തില്‍ ചെലവു കഴിച്ചുള്ള തുക സംസ്ഥാനവും റെയില്‍വെയും 50:50 അനുപാതത്തില്‍ പങ്കിടണം. ഈ വ്യവസ്ഥകളോടെയാണ് 50 ശതമാനം ചെലവു വഹിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.