കേരളത്തിലെ ദേശീയപാതകളിലും നഗരങ്ങളിലുമായി 219 ഇ-വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കേന്ദ്രാനുമതി ലഭിച്ചു

കൊച്ചി: കേരളത്തിലെ ദേശീയപാതകളിലും നഗരങ്ങളിലുമായി 219 ഇ-വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കേന്ദ്രാനുമതി ലഭിച്ചു. കേന്ദ്ര ഘനവ്യവസായ മന്ത്രാലയം ഇതിനായി 63.12 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചു. ആകെ 335 ചാർജറുകളാണ് സ്ഥാപിക്കുക. പദ്ധതിയുടെ മേൽനോട്ടം സംസ്ഥാന വൈദ്യുതി ബോർഡിനായിരിക്കും. പിഎംഇ ഡ്രൈവ് (പ്രധാന മന്ത്രി ഇലക്ട്രിക് ഡ്രൈവ് റവല്യൂഷൻ ഇൻ ഇന്നൊവേറ്റീവ് വെഹിക്കിൾ എൻഹാൻസ്‌മെന്റ്) പദ്ധതിയിലാണ് ചാർജിങ് സ്റ്റേഷനുകൾ വരുന്നത്. സംസ്ഥാനത്ത് 270 സ്റ്റേഷനുകൾക്കാണ് ആദ്യം അനുമതി തേടിയിരുന്നത്. ഇതിൽ 147 എണ്ണം ദേശീയപാതകളിൽ സ്ഥാപിക്കും.

സർക്കാർ ഭൂമിയിലും കെഎസ്ഇബി, കെഎസ്ആർടിസി, ബിഎസ്എൻഎൽ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലങ്ങളിലുമാണ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുക. ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കെഎസ്ഇബിയുടെ പുനരുപയോഗ ഊർജ വിഭാഗമായ റിന്യൂവബിൾ എനർജി ആൻഡ് എനർജി സർവീസസ് അധികൃതർ അറിയിച്ചു. 120 കിലോവാട്ട്, 240 കിലോവാട്ട് ശേഷിയുള്ള ഹൈസ്പീഡ് ചാർജിങ് സ്റ്റേഷനുകളായിരിക്കും സ്ഥാപിക്കുക. ഇരുചക്ര വാഹനങ്ങൾ, കാറുകൾ, ട്രക്കുകൾ എന്നിവയ്ക്ക് ചാർജ് ചെയ്യാൻ സൗകര്യമുണ്ടാകും. സ്റ്റേഷനുകൾക്ക് 15 മീറ്റർ നീളവും 7 മീറ്റർ വീതിയുമുള്ള അടിസ്ഥാന വിസ്തൃതിയുണ്ടാകും. നിലവിൽ കെഎസ്ഇബി സ്ഥാപിച്ച സ്റ്റേഷനുകൾക്ക് 30-60 കിലോവാട്ട് ശേഷിയുള്ളതിനാൽ ചാർജിങ് വേഗം കുറവാണ്.

തിരുവനന്തപുരം വൈദ്യുതി ഭവൻ, കെൽട്രോൺ ഹൗസ്, ആലുവ കെഎസ്ആർടിസി, കണ്ണൂർ 33 കെ വി സബ്സ്റ്റേഷൻ, മലപ്പുറം ബിഎസ്എൻഎൽ, കെടിഡിസി കോവളം, എറണാകുളം കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റി ലാൻഡ്, ട്രാവൻകൂർ ടൈറ്റാനിയം, കാഞ്ഞങ്ങാട് സബ്സ്റ്റേഷൻ, കോഴിക്കോട് നല്ലളം സബ്സ്റ്റേഷൻ, ബിഎസ്എൻഎൽ ഉദുമ എന്നിവ ഉൾപ്പെടെ 219 സ്റ്റേഷനുകളുടെ സ്ഥലങ്ങൾ കൂടുതലായും നിർണയിച്ചിരിക്കുകയാണ്.

YouTube video player