ദില്ലി: കേരളം ഉൾപ്പടെ എട്ട് സംസ്ഥാനങ്ങൾക്ക് തുടർ പ്രളയ സഹായമായി 5751.27 കോടി രൂപ കേന്ദ്രം അനുവദിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗത്തിന്റേതാണ് തീരുമാനം. ബിഹാർ, കേരളം, മഹാരാഷ്ട്ര, നാഗാലാൻഡ്, ഒഡീഷ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രത്തിന്റെ പ്രളയ സഹായം.

2019 ലെ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ചുഴലിക്കാറ്റ് എന്നിവ ബാധിച്ച ബിഹാർ, കേരളം, മഹാരാഷ്ട്ര, നാഗാലാൻഡ്, ഒഡീഷ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കും 2018-19 ൽ വരൾച്ച ബാധിച്ച കർണാടകയ്ക്കും ദേശീയ ദുരന്ത പ്രതികരണ ഫണ്ടിന്റെ (എൻ‌ഡി‌ആർ‌എഫ്) കീഴിൽ അധിക സഹായം നൽകുന്നതിനാണ് ഉന്നതതല സമിതി യോ​ഗം അംഗീകാരം നൽകിയത്. 460.77 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്.

കർണാടകയ്ക്ക് 953.17 കോടി രൂപ, നാഗാലാൻഡിന് 177.37 കോടി രൂപ, ഒഡീഷയ്ക്ക് 179.64 കോടി രൂപ, മഹാരാഷ്ട്രയ്ക്ക് 1758.18 കോടി രൂപ, രാജസ്ഥാനിലേക്ക് 1119.98 കോടി രൂപ, പശ്ചിമ ബംഗാളിന് 1090.68 കോടി രൂപ, കർണാടകയ്ക്ക് 11.48 കോടി രൂപ എന്നിങ്ങനെയാണ് അധിക സഹായം അനുവദിച്ചിരിക്കുന്നത്.