സംഭവത്തിൽ ദേശീയ പാത നിർമ്മാണ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസടക്കം കേന്ദ്രം ഇതിനകം നൽകിക്കഴിഞ്ഞു. കരാർ കമ്പനിയുടെ പ്രോജക്ട് മാനേജരെയും റസിഡൻറ് എഞ്ചിനീയറെയും മാറ്റുകയും ചെയ്തിട്ടുണ്ട്
ദില്ലി: കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ അടിയന്തര നടപടി സ്വീകരിച്ച് കേന്ദ്ര സർക്കാർ. കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് അടിയന്തര വിലക്ക് കൽപ്പിച്ച കേന്ദ്രം, കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കവും തുടങ്ങി. കൊട്ടിയം മൈലക്കാടിന് സമീപത്തെ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇന്നലെയാണ് തകർന്നത്. സംഭവത്തിൽ ദേശീയ പാത നിർമ്മാണ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസടക്കം കേന്ദ്രം ഇതിനകം നൽകിക്കഴിഞ്ഞു. കരാർ കമ്പനിയുടെ പ്രോജക്ട് മാനേജരെയും റസിഡൻറ് എഞ്ചിനീയറെയും മാറ്റുകയും ചെയ്തിട്ടുണ്ട്. വിദഗ്ധസമിതി സ്ഥലം സന്ദർശിക്കുന്നു എന്നും സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികളുണ്ടാകുമെന്നും കേന്ദ്രം വ്യക്തമാക്കി. മണ്ണ് പരിശോധനയിലും അടിസ്ഥാന നിർമ്മാണത്തിലും വീഴ്ചയുണ്ടായെന്നും കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്.
കത്തയച്ച് മന്ത്രി റിയാസ്
കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് നേരത്തെ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് കത്തയച്ചിരുന്നു. വിഷയത്തില്‍ കേന്ദ്രത്തിന്റെ അടിയന്തിരമായ ഇടപെടലും നടപടിയും ഉണ്ടാകണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. ദേശീയപാത 66-ന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനൊപ്പം ഗുണനിലവാരവും സുരക്ഷാക്രമീകരണങ്ങളും ഉറപ്പുവരുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയപാത ഇടിഞ്ഞുതാഴ്ന്നതിൽ അടിയന്തര അന്വേഷണത്തിനും പൊതുമരാമത്ത് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി സെക്രട്ടറിക്കാണ് മന്ത്രി നിർദേശം നൽകിയത്. മണ്ണിടിഞ്ഞ് താഴാനുണ്ടായ സാഹചര്യം വിദഗ്ധരെ നിയോഗിച്ച് വിശദ പരിശോധന നടത്തുമെന്നാണ് ദേശീയ പാത അതോറിറ്റി അറിയിക്കുന്നത്.
മലപ്പുറം കൂരിയാട് അടക്കം നിര്‍മാണത്തിലിരിക്കെ ദേശീയ പാത തകര്‍ന്നതിനെ ചൊല്ലിയുള്ള വിവാദം കെട്ടടങ്ങും മുമ്പെയാണ് കൊല്ലം മൈലക്കാടും ദേശീയ പാത തകര്‍ന്നത്. 31.25 കി.മീ ദൂരം വരുന്ന കടമ്പാട്ടുക്കോണം - കൊല്ലം സ്ട്രെച്ചിലാണ് ഇന്നലെ അപകടമുണ്ടായത്. ശിവാലയ കൺസ്ട്രക്ഷൻസിനാണ് നിർമാണ ചുമതല. ദേശീയ ജല പാതയ്ക്കായി കായലിൽ നിന്ന് കുഴിച്ചെടുത്ത മണ്ണ് ദേശീയ പാത നിര്‍മാണത്തിന് ഉപയോഗിക്കാൻ സംസ്ഥാന സര്‍ക്കാര്‍ അനുമതി നൽകിയിരുന്നു. കൊല്ലം റീച്ചിൽ കുഴി നികത്താനും അപ്രോച്ച് റോഡിന്‍റെ ഫില്ലിങ്ങിനും അഷ്ടമുടിക്കായലിൽ നിന്നുള്ള മണ്ണ് ഉപയോഗിച്ചിരുന്നതായി എൻ എച്ച് ഐ വൃത്തങ്ങള്‍ നേരത്തെ സമ്മതിച്ചിരുന്നു. പാത തകര്‍ന്ന സ്ഥലത്ത് ഈ മണ്ണ് ഉപയോഗിച്ചോയെന്ന് വ്യക്തമല്ല. ഉപയോഗിച്ച മണ്ണിനെക്കുറിച്ചും പരിശോധന വേണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നുണ്ട്.


