തിരുവനന്തപുരം: കഴിഞ്ഞ ദിവസം സിഇടി ക്യാംപസിൽ നിന്നും കാണാതായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിന്റെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

നെയ്യാറ്റിൻകര സ്വദേശി രതീഷ് കുമാറാണ് മരിച്ചത്. ഇദ്ദേഹത്തിന് കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ ആരോപിച്ചു. കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവർ പലവട്ടം രതീഷിനെ മർദ്ദിച്ചിരുന്നുവെന്നും പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും ഇവർ കുറ്റപ്പെടുത്തി.

രതീഷിനെ കാണാതായ വിവരം അറിയിച്ചിട്ടും പൊലീസ് എത്താൻ വൈകിയെന്നാണ് ഇവർ ആരോപിച്ചത്. കഴിഞ്ഞ രണ്ട് ദിവസവും പൊലീസ് കാര്യമായ തെരച്ചിൽ നടത്തിയില്ലെന്നും ഇവർ ആരോപിച്ചു. നെയ്യാറ്റിൻകരയിൽ താമസിച്ചിരുന്ന രതീഷ് മുൻപ് കഞ്ചാവ് വില്പനക്കരെ കുറിച്ചു എക്സൈസ് ന് വിവരം നൽകിയിരുന്നു. ഇതാണ് പകയ്ക്ക് കാരണമെന്നും സുഹൃത്തുക്കൾ പറഞ്ഞു.

കാണാതായ ശേഷവും രതീഷിന്റെ മൊബൈൽ, കോളജ് പരിസരത്ത് സിഗ്നൽ കാണിച്ചിട്ടും പൊലീസിന് കണ്ടെത്താനായില്ലെന്നും സുഹൃത്തുക്കൾ കുറ്റപ്പെടുത്തി. കാണാതായി, 24 മണിക്കൂറോളം സിഗ്നൽ ഉണ്ടായിരുന്നുവെന്നും ഇവർ പറഞ്ഞു.

മകന്റെ മരണത്തിൽ സംശയമുണ്ടെന്ന് അമ്മ ഗിരിജ പൊലീസിനോട് പറഞ്ഞു. ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തണമെന്ന് അമ്മ ആവശ്യപ്പെട്ടു. ആർഡിഒ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും.