രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അതിഥി കൂടിയായിരുന്നു ജനാര്‍ദ്ദനന്‍.

കണ്ണൂര്‍: കോവിഡ് വാക്‌സിന്‍ ചലഞ്ചിലേക്ക് ജീവിത സമ്പാദ്യമായ രണ്ടുലക്ഷം രൂപ കൈമാറി കൊണ്ടാണ് ചാലാടന്‍ ജനാര്‍ദ്ദനന്‍ ശ്രദ്ധേയനായത്. തനിക്ക് ജീവിക്കാന്‍ ബീഡി തെറുപ്പിലൂടെ ലഭിക്കുന്ന പണം ധാരാളമാണെന്ന് പറഞ്ഞുകൊണ്ടാണ് ജനാര്‍ദ്ദനന്‍ അന്ന് രണ്ടുലക്ഷം കൈമാറിയത്. 2021ലാണ് മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് ജനാര്‍ദ്ദനന്‍ രണ്ടുലക്ഷം സംഭാവനയായി നല്‍കിയത്. സമ്പാദ്യത്തില്‍ 850 രൂപ മാത്രം ബാക്കിവച്ചായിരുന്നു രണ്ട് ലക്ഷം കൈമാറിയത്. ഒരു ബാങ്ക് ജീവനക്കാരന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് ജനാര്‍ദ്ദനന്റെ കഥ പുറംലോകം അറിഞ്ഞത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അതിഥി കൂടിയായിരുന്നു ജനാര്‍ദ്ദനന്‍.

ചാലാടന്‍ ജനാര്‍ദ്ദനന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കോവിഡ് കാലത്ത് ജീവിതസമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് മാതൃക കാണിച്ച വ്യക്തിയായിരുന്നു ജനാര്‍ദ്ദനന്‍ എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 

സംഭാവനയെ കുറിച്ച് അന്ന് ജനാര്‍ദ്ദനന്‍ പറഞ്ഞത്: ''മുഖ്യമന്ത്രി ഒരു വാക്ക് പറഞ്ഞിരുന്നു. വാക്‌സിന്‍ സൗജന്യമായി കൊടുക്കുമെന്ന്. കേന്ദ്രസര്‍ക്കാര്‍ വാക്‌സിന് വില നിശ്ചയിച്ചല്ലോ. അത് മൊത്തം ആലോചിച്ച് നോക്കുമ്പോള്‍ നമ്മുടെ കേരളത്തിന് താങ്ങാന്‍ പറ്റുന്നതില്‍ അപ്പുറമാണ് ആ വില. യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയുടെ കുടുക്കാന്‍ വേണ്ടീട്ട് ചെയ്തതായിരിക്കും എന്നാണ് തോന്നുന്നത്. മുഖ്യമന്ത്രിക്ക് ശക്തമായ പിന്തുണ കൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഞാന്‍ ഈ കാര്യം ചെയ്തത്. എനിക്ക് ജീവിക്കാന്‍ ഇപ്പോള്‍ യാതൊരു ബുദ്ധിമുട്ടുമില്ല. വികലാംഗ പെന്‍ഷന്‍ കിട്ടുന്നുണ്ട്. കൂടാതെ ബീഡി തെറുപ്പുമുണ്ട്. അതിന് ആഴ്ചയില്‍ 1000 രൂപ വരെ കിട്ടാറുണ്ട്. എനിക്ക് ജീവിക്കാന്‍ ഇത് തന്നെ ധാരാളം.''

ചുരുട്ട് തൊഴിലാളിയായ നാരായണന്റെയും കാര്‍ത്ത്യായനിയുടെയും നാലു മക്കളില്‍ മൂത്തയാളാണ് ജനാര്‍ദ്ദനന്‍. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചാണ് ജനാര്‍ദ്ദനന്റെ ഭാര്യ രജനി മരിച്ചത്. ഇരുവരും 36 വര്‍ഷം തോട്ടട ദിനേശ് ബീഡില്‍ ജോലി ചെയ്തിട്ടുണ്ട്. ജനാര്‍ദ്ദനന്‍ 13-ാം വയസില്‍ ആരംഭിച്ചതാണ് ബീഡിപ്പണി. ഇന്ന് രാവിലെ വീടിനുള്ളില്‍ കുഴഞ്ഞ് വീണാണ് ജനാര്‍ദ്ദനന്‍ മരിച്ചത്. 68 വയസായിരുന്നു.

YouTube video player


കണ്ണൂരിനും തിരുവനന്തപുരത്തിനും ഇടയില്‍ ഒന്നല്ല, രണ്ടെണ്ണം; കേരളത്തിന്‍റെ വന്ദേ ഭാരത് ഉടൻ പ്രഖ്യാപിച്ചേക്കും