ചാലക്കുടിയിലെ ഫെഡറൽ ബാങ്കിന്‍റെ പോട്ട ശാഖയിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവര്‍ന്ന സംഭവത്തിൽ പ്രതിയ്ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. ക്യാഷ് കൗണ്ടറിൽ 45 ലക്ഷം രൂപയുണ്ടായിട്ടും മൂന്ന് ബണ്ടിൽ നോട്ടുകള്‍ മാത്രമാണ് പ്രതി എടുത്തതെന്നും ഹിന്ദിയിലാണ് സംസാരിച്ചതെന്നും പൊലീസ്
തൃശൂര്‍: ചാലക്കുടിയിലെ ഫെഡറൽ ബാങ്കിന്‍റെ പോട്ട ശാഖയിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവര്‍ന്ന സംഭവത്തിൽ പ്രതിയ്ക്കായി തൃശൂര്‍ ജില്ല മൊത്തം വലവിരിച്ച് പൊലീസ്. പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. കവര്‍ച്ച നടത്തിയ പ്രതിയെക്കുറിച്ച് പൊലീസിന് നിര്‍ണായക വിവരം ലഭിച്ചു. എന്‍ട്രോക്ക് എന്ന സ്കൂട്ടറിലാണ് പ്രതി എത്തിയതെന്ന് കണ്ടെത്തി. ക്യാഷ് കൗണ്ടറിൽ 45 ലക്ഷം രൂപയുണ്ടായിട്ടും മൂന്ന് ബണ്ടിൽ നോട്ടുകള്‍ മാത്രമാണ് പ്രതി എടുത്തത്.
അതായത് 15 ലക്ഷം രൂപ മാത്രം എടുത്ത് പ്രതി സ്ഥലത്ത് നിന്ന് പോവുകയായിരുന്നുവെന്നും ഇത് കേസിലെ നിര്‍ണായക സൂചനയാണെന്നും തൃശൂര്‍ റൂറൽ എസ്‍പി ബി കൃഷ്ണകുമാര്‍ പറഞ്ഞു. ബാങ്കുമായി പരിചയമുള്ള ഇവിടത്തെ കാര്യങ്ങള്‍ വ്യക്തമായി അറിയുന്നയാളാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഉച്ചയ്ക്ക് 2.12ന് ബാങ്കിൽ കടന്ന പ്രതി രണ്ടര മിനുട്ടിനുള്ളിൽ കവര്‍ച്ച നടത്തി മടങ്ങിയെന്നും പൊലീസ് പറഞ്ഞു. പ്രതിയെ പിടികൂടാൻ എല്ലാ പ്രധാന പാതകളിലും പരിശോധന നടത്തുന്നുണ്ടെന്നും വൈകാതെ പിടിയിലാകുമെന്നും എസ്‍പി പറഞ്ഞു.
പ്രതി പോകാൻ സാധ്യതയുള്ള ഇടവഴികളും ഒഴിഞ്ഞ സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. എല്ലാ പ്രധാന പാതകളിലും പരിശോധനയുണ്ട്. റൂറൽ എസ്‍പിയുടെ നേതൃത്വത്തിൽ ബാങ്കിനുള്ളിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയെടുത്തു. ഹെല്‍മറ്റ് ധരിച്ചെത്തിയ അക്രമിയെ ജീവനക്കാര്‍ പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നില്ല. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഹിന്ദി ഭാഷയാണ് പ്രതി സംസാരിച്ചതെന്നും റൂറൽ എസ്‍പി പറഞ്ഞു. പ്രതി എത്തുമ്പോള്‍ ബാങ്കിന്‍റെ ഫ്രണ്ട് ഓഫീസിൽ പ്യൂണ്‍ മാത്രമാണ് ഉണ്ടായിരുന്നത്.
ബാക്കിയുള്ളവര്‍ ഡൈനിങ് മുറിയിൽ ഭക്ഷണം കഴിക്കുകയായിരുന്നു. ഇതിനിടെയാണ് കവര്‍ച്ച നടന്നത്. ജീവനക്കാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി കൗണ്ടര്‍ തകര്‍ത്താണ് പണം കവര്‍ന്നത്. ബാങ്കിനെക്കുറിച്ച് പൂർണമായും പരിചയമുള്ള ആളായിരുന്നു മോഷണത്തിന് പിന്നിൽ എന്ന് ഉച്ചസമയത്തെ മോഷണത്തിൽ നിന്ന് തന്നെ വ്യക്തമാണെന്നും പൊലീസ് പറയുന്നു.
ആസൂത്രിതമായ കവർച്ചയെന്നാണ് പൊലീസിന്റെ അനുമാനം. മോഷ്ടാവ് നേരത്തെയും ബാങ്കിൽ എത്തിയിട്ടുണ്ടാകാമെന്നും പൊലീസ് പറയുന്നു. ഉച്ചഭക്ഷണ ഇടവേളയിൽ ഇടപാടുകാരില്ലാത്ത സമയത്താണ് അക്രമി എത്തിയത്. മാസ്കും ജാക്കറ്റും ഹെൽമറ്റും ധരിച്ചെത്തിയ അക്രമി ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തുടർന്ന് കസേര ഉപയോഗിച്ച് കൗണ്ടറിന്‍റെ ഗ്ലാസ് തകർത്താണ് കൗണ്ടറിൽ നിന്നും പണം കവരുന്നത്.

